ശ്രീധരന്റെ ഉമ്മയുടെ ഖബറിടം വിശാലമാക്കണേ
ഒരു യാത്രയ്ക്കിടയിലാണ് കുഞ്ഞിപ്പയുടെ ഫോണ്‍വിളി ലഭിക്കുന്നത്.
''മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ഇന്ന് നല്ലൊരു ലേഖനമുണ്ട്. സാറ് അതൊന്നു വായിക്കണം. എന്നിട്ട് വീണ്ടുവിചാരത്തില്‍ എഴുതണം. ലേഖനം വളരെ ചെറുതാണ്. എന്നാലും അതില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ തട്ടും.''
മുഖവുരയും വിശദീകരണവുമില്ലാതെ കുഞ്ഞിപ്പ കാര്യം പറഞ്ഞു തീര്‍ത്തു. പിന്നെ അധികം വര്‍ത്തമാനത്തിനു നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തു.
കുഞ്ഞിപ്പ അങ്ങനെയാണ്. മനസ്സില്‍ തിങ്ങിനിറയുന്ന സന്തോഷമോ വിങ്ങിപ്പൊട്ടുന്ന സങ്കടമോ ഉണ്ടാകുമ്പോഴേ വിളിക്കൂ. ഏച്ചുകെട്ടലും വളച്ചൊടിക്കലുമില്ലാതെ നേരിട്ടു കാര്യം പറയും. താന്‍ പറഞ്ഞതു ബോധ്യപ്പെട്ടുവെന്നു തോന്നിയാലുടന്‍ പടച്ചവനു സ്തുതി പറഞ്ഞ് സംസാരം അവസാനിപ്പിക്കും.
കുഞ്ഞിപ്പ വിളിച്ച ദിവസം അതിരാവിലെ മുതല്‍ യാത്രയിലും മറ്റുമായതിനാല്‍ പത്രങ്ങള്‍ വിശദമായി വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്രം കിട്ടുന്ന സ്ഥലത്ത് എത്തിയ ഉടന്‍ തേടിപ്പിടിച്ചു വായിച്ചത് കുഞ്ഞിപ്പ നിര്‍ദേശിച്ച ആ കൊച്ചുലേഖനമായിരുന്നു.
സത്യം പറയട്ടെ, അടുത്തകാലത്തു വായിച്ചവയില്‍ മനസ്സില്‍ ഏറെ തട്ടിയതായിരുന്നു ആ കുറിപ്പും അതിനാധാരമായ വിഷയവും. 'ചക്കി മരിച്ച ദിവസം സുബൈദയ്ക്കു മൂന്നു കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു; രമണി, ലീല, ശ്രീധരന്‍.' എന്ന തുടക്ക വാചകം തന്നെ വായനക്കാരന്റെ മനസ്സിനെ ആ കുറിപ്പിലേയ്ക്ക് ആകര്‍ഷിക്കുന്നതാണ്. ആ കുറിപ്പില്‍ പ്രതിപാദിക്കുന്ന വിഷയത്തിന്റെ അകക്കാമ്പ് ആ തുടക്കവാചകത്തില്‍ നിറഞ്ഞിരിപ്പുണ്ട്.
ചക്കിയുടെ മരണവും സുബൈദയ്ക്കു പിറന്ന മൂന്നു കുട്ടികളും തമ്മിലെന്തു ബന്ധം!
സുബൈദയ്ക്കു പിറന്ന കുഞ്ഞുങ്ങളുട പേര് എന്തുകൊണ്ട് രമണി, ലീല, ശ്രീധരന്‍ എന്നിങ്ങനെയായി!
ആരും അവിശ്വസനീയതയോടെ ചോദിക്കുന്ന ആ ചോദ്യങ്ങളുടെ ഉത്തരം, സാമുദായിക സ്പര്‍ധ പത്തിവിടര്‍ത്തിയാടുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. കേരളത്തിലെ ഓരോ മനുഷ്യനും ഹൃദയത്തിന്റെ അകത്തട്ടിലേയ്ക്ക് ആവാഹിച്ച് എക്കാലത്തും സൂക്ഷിക്കേണ്ടതാണ് ഇന്ന് ഇഹലോകത്തില്ലാത്ത സൈനബയുടെ മാതൃകാപരമായ പ്രവൃത്തി.
ആദ്യം ആ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തെക്കുറിച്ചു പറയേണ്ടതുണ്ട്.
നിലമ്പൂര്‍ കാളികാവ് തെന്നാടന്‍ വീട്ടില്‍ അബ്ദുല്‍ അസീസ് ഹാജിയുടെ ഭാര്യയാണ് സൈനബ. ആ വീട്ടിലെ ജോലിക്കാരിയായിരുന്നു അടയ്ക്കാക്കുണ്ട് മൂര്‍ഖന്‍ വീട്ടില്‍ ചക്കി. ചക്കിയുടെ മക്കളായിരുന്നു രമണി, ലീല, ശ്രീധരന്‍. ശ്രീധരന് ഒന്നരവയസ്സുള്ളപ്പോള്‍ ചക്കി രോഗം വന്നു മരിച്ചു. പറക്കമുറ്റാത്ത മക്കളെ ആരു പോറ്റിവളര്‍ത്തും. ഉറ്റവര്‍ പലരുമുണ്ടായിരുന്നെങ്കിലും അവരുടെ മുന്നിലുണ്ടായിരുന്ന ആ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.
ആ അന്തരീക്ഷത്തിലേയ്ക്കാണ് സുബൈദ കടന്നു ചെല്ലുന്നത്. ഒന്നരവയസ്സുകാരനായ ശ്രീധരനെ ഒക്കത്തെടുത്ത്, ആറു വയസ്സുകാരിയായ ലീലയെയും പതിനൊന്നു വയസ്സുകാരിയായ രമണിയെയും ചേര്‍ത്തു പിടിച്ച് അവര്‍ സ്വന്തം വീട്ടിലേയ്ക്കു നടന്നു. അതൊരു മാതൃകാപരമായ, ചരിത്രവിസ്മയമായ അധ്യായത്തിന്റെ തുടക്കമായിരുന്നു.
മക്കളില്ലാത്തതു കൊണ്ടല്ല, സൈനബ തന്റെ വീട്ടുവേലക്കാരിയുടെ മക്കളെ പോറ്റിവളര്‍ത്താന്‍ തയ്യാറായത്. സൈനബയ്ക്കുമുണ്ട് മൂന്നു മക്കള്‍. ഷാനവാസ്, ജാഫര്‍, ജോഷിന. ആ മക്കള്‍ക്കൊപ്പം, മൂന്നുമക്കള്‍ക്കുകൂടി സൈനബ ഉമ്മയായി, പോറ്റുമ്മയെപ്പോലെയല്ല, പെറ്റുമ്മയെപ്പോലെത്തന്നെ. ഭക്ഷണവും വസ്ത്രവും സ്‌നേഹവും ലാളനയുമെല്ലാം അവര്‍ ഒരേപോലെ ആ ആറു കുഞ്ഞുങ്ങള്‍ക്കും വീതം വച്ചു. ചക്കി പെറ്റ മൂന്നു കുട്ടികള്‍ക്കും സൈനബ സ്വന്തം ഉമ്മയായിരുന്നു.
ഇവിടെ ദൈഷൈകദൃക്കുകളായ മതഭ്രാന്തന്മാര്‍ മനസ്സിലെങ്കിലും ചിന്തിച്ചേയ്ക്കാം, ആ കുട്ടികളെ മതം മാറ്റി വളര്‍ത്താനല്ലേ സൈനബയും ഭര്‍ത്താവും വളര്‍ത്തിയത് എന്നാണ്.
അവിടെയാണ് ആ യാഥാര്‍ഥ്യം നമ്മെ അത്ഭുതപ്പെടുത്തുക.
അവര്‍ വളര്‍ന്നത് രമണിയും ലീലയും ശ്രീധരനുമായി തന്നെയായിരുന്നു. അവര്‍ ആരാധിച്ചത് ഹിന്ദുദൈവങ്ങളെയായിരുന്നു. അവര്‍ പോയിരുന്നത് ക്ഷേത്രങ്ങളിലായിരുന്നു. അതേസമയം, മദ്‌റസയില്‍ പഠിക്കുകയും അഞ്ചുനേരവും നിസ്‌കരിക്കുകയും ഇസ്‌ലാമിക ചര്യയില്‍ മാത്രം ജീവിക്കുകയും ചെയ്ത ഷാനവാസും ജാഫറും ജോഷിനയും അവര്‍ക്കു സ്വന്തം സഹോദരങ്ങളായിരുന്നു. സൈനബയും അബ്ദുല്‍ അസീസ് ഹാജിയും അവര്‍ക്കോരോരുത്തര്‍ക്കും ഏറെ പ്രിയപ്പെട്ട ഉപ്പയും ഉമ്മയുമായിരുന്നു.
രമണിക്കും ലീലയ്ക്കും വരന്മാരെയും ശ്രീധരനു വധുവിനെയും കണ്ടെത്തി അവരുടെ ആചാരപ്രകാരം തന്നെ വിവാഹം കഴിപ്പിച്ചതും ആ ഉപ്പയും ഉമ്മയുമായിരുന്നു, ഒരുതരത്തിലുള്ള സാമുദായികചിന്തയുമില്ലാതെ. വിവാഹശേഷം ശ്രീധരന്‍ ഒരു വീടെടുത്തു താമസം മാറിയപ്പോള്‍ ഏറെ സങ്കടപ്പെട്ടത് സൈനബയായിരുന്നു.
ഇക്കഴിഞ്ഞ മാസം ആ സ്‌നേഹനിധിയായ ഉമ്മ മരിച്ചു. വൃക്കരോഗമായിരുന്നു. ആ വേര്‍പാട് ഏറെ നോവിച്ചത് ശ്രീധരനെയായിരുന്നു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഓര്‍മവച്ച നാള്‍ മുതല്‍ തന്നെ ലാളിച്ചും സ്‌നേഹിച്ചും വളര്‍ത്തിയ മാതാവാണവര്‍, അവര്‍ ഇല്ലാതാവുകയെന്നു പറയുന്നതു താങ്ങാനാവില്ല.
മനസ്സില്‍ സ്‌നേഹം മാത്രം നിറച്ചുവച്ച ആ മാതാവിനെ അവസാന നാളുകളില്‍ ചേതനയോടെ കാണാനായില്ലല്ലോ എന്നതാണ് രണ്ടാമത്തെ കാരണം. ശ്രീധരന്‍ ഗള്‍ഫിലേയ്ക്കു ജോലിക്കു പോയശേഷമാണ് സൈനബ രോഗിണിയാകുന്നത്. തന്റെ രോഗാവസ്ഥയറിഞ്ഞാല്‍ ശ്രീധരന്‍ ജോലിയുപേക്ഷിച്ചു ഓടിയെത്തുമെന്നും അതിനാല്‍ ആ മകനെ ഒന്നും അറിയിക്കേണ്ടെന്നും സൈനബയാണു പറഞ്ഞത്.
കുറേ വൈകിയാണെങ്കിലും ശ്രീധരന്‍ ഉമ്മയുടെ രോഗത്തെക്കുറിച്ചറിഞ്ഞു. ഉടന്‍തന്നെ അവധിക്ക് അപേക്ഷിച്ചു. പക്ഷേ, അക്കാര്യത്തില്‍ തീരുമാനമാകുംമുമ്പേ ശ്രീധരനെ തേടിയെത്തിയത് അയാളുടെ പ്രിയപ്പെട്ട ഉമ്മയുടെ വിയോഗവാര്‍ത്തയായിരുന്നു. ഉമ്മയെ ചേതനയറ്റ നിലയില്‍ കാണാനുള്ള കരുത്തില്ലാത്തതിനാല്‍ അയാള്‍ നാട്ടിലേയ്ക്കു വന്നില്ല.
ഉമ്മയുടെ വേര്‍പാടിനു പിന്നാലെ ശ്രീധരന്‍ ഫേസ്ബുക്കില്‍ ഇങ്ങനെയൊരു കുറിപ്പിട്ടു,
'എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി. അവറുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാന്‍ പ്രാര്‍ഥിക്കണേ...'
തീര്‍ച്ചയായും ശ്രീധരന്‍ ഈ ലോകത്ത് മനഃസാക്ഷിയുടെ ഉറവ വറ്റിയിട്ടില്ലാത്ത എല്ലാവരും അതേ പ്രാര്‍ഥന നടത്തും.
'പ്രപഞ്ചനാഥാ..., ശ്രീധരന്റെ ഉമ്മയുടെ ഖബറിടം വിശാലമാക്കിക്കൊടുക്കേണമേ..!'
കാരണം, ആ ഉമ്മ ലോകത്തിലെല്ലാവര്‍ക്കും മാതൃകയായ മഹതിയാണല്ലോ.
ഇതോടൊപ്പം ഒരു പ്രാര്‍ഥന കൂടി നടത്താന്‍ മോഹം തോന്നുന്നു, 'മതഭ്രാന്തന്മാരുടെ മനസ്സില്‍ ഈ മാതാവിന്റെ കഥ പതിച്ചിരുന്നെങ്കില്‍.'
കുഞ്ഞിപ്പാ..., ഈ കുറിപ്പ് ശ്രദ്ധയില്‍പ്പെടുത്തിയതിന് താങ്കള്‍ക്ക് ഒരായിരം നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."