മഴക്കാറ് എത്തിയാല്‍ നടവയലില്‍ വൈദ്യുതി മുടങ്ങും
നടവയല്‍: നടവയലിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. മാനത്ത് മഴക്കാറ് കണ്ടാല്‍ ഉടന്‍ വൈദ്യുതി ബന്ധം നിശ്ചലമാവും. കഴിഞ്ഞ ഒരാഴ്ച്ചയായി നടവയലില്‍ ഇത് തന്നെയാണ് അവസ്ഥ.
മിക്ക ദിവങ്ങളിലും രാത്രി പതിനൊന്നോടെ വൈദ്യുതി പോയാല്‍ പിറ്റേ ദിവസം ഒന്‍പതോടു കൂടിയാണ് വൈദ്യുതി വരുന്നത്. രൂക്ഷമായ വന്യമൃഗശല്യം അനുഭവപ്പെടുന്ന നടവയലിലെ വനാതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ക്കും വൈദ്യുതി മുടങ്ങുന്നത് ദുരിതമാണ് വരുത്തുന്നത്. മഴക്കാലത്തിന് മുന്‍പായി വൈദ്യുതി ലൈനില്‍ തൊട്ട് കിടക്കുന്ന മരക്കൊമ്പുകളും തെങ്ങിന്റെ ഓലകളും കഴിഞ്ഞ കുറെ ദിവസങ്ങളായി വെട്ടിനീക്കുന്ന നടപടികള്‍ കെ.എസ്.ഇ.ബി നടത്തി വരുന്നുണ്ടങ്കിലും ഇതുകൊണ്ടൊന്നും വൈദ്യുതി മുടങ്ങുന്നത് തടയാന്‍ കഴിയുന്നില്ല. പനമരം ഇലക്ട്രിക് സെക്ഷന്റെ കീഴിലാണ് നടവയല്‍ പ്രദേശം ഉള്‍പ്പെടുന്നത്. പനമരത്ത് നിന്നും 11 കെവി ലൈന്‍ വരുന്നത് മാത്തൂര്‍ വയല്‍ മുളങ്കൂട്ടങ്ങള്‍ക്ക് ഉള്ളിലൂടെയാണ്.
ഇക്കാരണം കൊണ്ട് ചെറിയ കാറ്റടിച്ചാല്‍ പോലും വൈദ്യുതി പോകുന്ന അവസ്ഥയാണ്. ഇഷ്ട്ടിക കളങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാത്തൂര്‍ വയലില്‍ മണ്ണെടുപ്പിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ എത് നിമിഷവും മറിഞ്ഞ് വിഴാന്‍ നില്‍ക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. നടവയല്‍ മേഖലയിലേക്ക് വൈദ്യുതി എത്തുന്ന ലൈനുകള്‍ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."