കാസര്‍കോട്ട് 1.20 കോടിയും ഒന്നരക്കിലോ സ്വര്‍ണവും പിടികൂടി
കാസര്‍കോട്: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1.20 കോടി രൂപയുമായി മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെയും ഇയാളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് തളങ്കരയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നരക്കിലോ സ്വര്‍ണവും കസ്റ്റംസ് പിടികൂടി. ഇയാള്‍ക്ക് സ്വര്‍ണം വില്‍പ്പന നടത്താന്‍ തുനിഞ്ഞ വീട്ടുടമയും പിടിയിലായിട്ടുണ്ട്.
മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (27) ആണ് മഞ്ചേശ്വരത്ത്‌വച്ച് 1.20 കോടിയുടെ കുഴല്‍പ്പണവുമായി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കര കുന്നിലിലെ ബഷീറിന്റെ (55) വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് ഒന്നരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ബഷീറിനെയും സംഘം കസ്റ്റഡിയിലെടുത്തു. കാറില്‍ മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് രാമചന്ദ്ര പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത്‌വച്ച് കസ്റ്റംസ് കാര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തി. ബഷീറിന്റെ വീട്ടില്‍നിന്ന് സ്വര്‍ണത്തിനു പുറമെ രണ്ട് സ്വര്‍ണബട്ടണ്‍സുകളും കസ്റ്റംസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ദുബൈയില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങാനായി വരികയായിരുന്നു രാമചന്ദ്ര പാട്ടീലെന്നാണ് കസ്റ്റംസിന്റെ നിഗമനം.
500, 2000 രൂപയുടെ നോട്ടു കെട്ടുകളാണ് പിടിച്ചെടുത്തത്. വന്‍ കള്ളക്കടത്ത് റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
കാസര്‍കോട് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് പി.പി രാജീവ്, കണ്ണൂര്‍ ഡിവിഷനല്‍ സൂപ്രണ്ട് കെ. സുധാകരന്‍, ഓഫിസര്‍മാരായ ദേവന്ദ സക്കാവത്ത്, രോഹിത്ത് ശര്‍മ, കെ.വി.ആര്‍ പ്രമീദ്, സി.വി ശശിധരന്‍, കെ. ആനന്ദന്‍, കെ.വി സജിത്ത് കുമാര്‍, വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണവും സ്വര്‍ണവും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."