വേട്ടസംഘത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വനംവകുപ്പ് കോടതിയില്‍
സുല്‍ത്താന്‍ ബത്തേരി: പിടിയിലായ വേട്ട സംഘത്തിലെ ആറുപേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുക്കിട്ടാനായി വനംവകുപ്പ് കോടതിയില്‍ അപേക്ഷ നല്കി. ബത്തേരി ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് വനംവകുപ്പ് അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രതികള്‍ താമസിച്ച നൂല്‍പ്പുഴയിലെ റിസോര്‍ട്ട് ഉടമെക്കെതിരെ കേസെടുത്തതായും സൂചനയുണ്ട്.
പുത്തന്‍കുന്ന് സ്വദേശികളായ പാലപ്പൊറ്റ സംജാദ്(22), തോട്ടപുര പ്രവീണ്‍(23), ചെതലയം വാളയില്‍ സുമേഷ്(42), മലപ്പുറം മങ്കടകൂട്ടില്‍ നെല്ലേങ്കര ഷമീര്‍ ഫൈസല്‍(48), അബ്ദുള്‍ ഗഫൂര്‍(41), അബ്ദുള്‍ ലത്തീഫ്(40) എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് ബത്തേരി ഫസ്റ്റ്ക്ലാസ്സ് മജിട്രേറ്റ് മുമ്പാകെ വനംവകുപ്പ് അപേക്ഷ നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ നിരവധി കേസുകളില്‍ തുമ്പുണ്ടാവുമെന്നും ആനകള്‍ വെടിയേറ്റ് ചരിഞ്ഞ സംഭവത്തിന്റെ ചുരുകള്‍ അഴിയുമെന്നുമാണ് വനംവകുപ്പ് കരുതുന്നത്. റിസോര്‍ട്ട് കേന്ദ്രീകിരച്ച് നിരവധി വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടന്നതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം ഏഴ് പേരെ കൂടാതെ തച്ചംവയല് സ്വദേശിയായ ദിപിന് എന്നയാളെ കൂടി സംഭവുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. രക്ഷപെട്ട രണ്ട് മലപ്പുറം സ്വദേശികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."