തോട്ടങ്ങളില്‍ 'ഭായിമാര്‍' ഉരുകുന്നു
കല്‍പ്പറ്റ: തോട്ടം മേഖലകളിലെ തൊഴിലിടങ്ങള്‍ അടിമത്വത്തിന്റെ മറ്റൊരു മുഖമാകുന്നു. പ്രാദേശിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവന്നപ്പോള്‍ തോട്ടം ഉടമകള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു തൊഴിലാളികളെ ഇറക്കി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയായിരുന്നു.
ഇത്തരത്തില്‍ തൊഴില്‍ തേടി തോട്ടം മേഖലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ ആരോഗ്യം ഊറ്റിയെടുക്കുന്ന തരത്തിലാണ് മാനേജ്‌മെന്റുകളുടെ പ്രവര്‍ത്തനം.
സാധാരണ തൊഴിലാളികള്‍ രാവിലെ എട്ടിന് തൊഴിലിടത്തിലെത്തിയാല്‍ 12 വരെയും പിന്നീട് ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ചു വരെയുമാണ് തൊഴില്‍ സമയം.
എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇത്തരത്തിലുള്ള സമയനിഷ്ടയൊന്നുമില്ല. രാവിലെ തൊഴിലിടത്തിലെത്തുന്നത് മുതല്‍ ഇരുട്ടുന്നത് വരെ ജോലി ചെയ്യേണ്ട ഗതികേടാണ് ഇവര്‍ക്ക്.
തന്നെ ആശ്രയിക്കുന്നവരുടെ വയറുകളെ കൂടി പട്ടിണിയില്‍നിന്ന് രക്ഷിക്കാന്‍ എല്ലാ പ്രതിസന്ധികളെയും മറന്ന് അവര്‍ തോട്ടം മേഖലകളില്‍ അടിമകളെ പോലെ പണിയെടുക്കുകയാണ്.
ഒരു പരിരക്ഷയും ഇവരുടെ തൊഴിലുകള്‍ക്കില്ല. തൊഴില്‍ വകുപ്പിന് പോലും ഇത്തരത്തില്‍ എത്ര തൊഴിലാളികള്‍ തോട്ടം മേഖലകളില്‍ തൊഴിലെടുക്കുന്നുണ്ടെന്ന് പോലും അറിയില്ല.
എല്ലാ സംരക്ഷണ നിയമങ്ങള്‍ക്കും പുറത്താണ് ഇവര്‍.
വലിയ തോതില്‍ ഇവരുടെ അധ്വാനശേഷി ചൂഷണം ചെയ്യപ്പെടുമ്പോള്‍ തൊഴില്‍ മേഖലയില്‍ പ്രാഥമികമായുള്ള നിയമസംരക്ഷണം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ തൊഴില്‍, പ്ലാന്റേഷന്‍ വകുപ്പുകള്‍ തികഞ്ഞ അജ്ഞത നടിക്കുകയാണ്. ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ ജോലിക്കു കൊണ്ടുപോകുന്നവര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ നിര്‍വചിക്കുന്ന കേന്ദ്ര നിയമം നിലവിലുണ്ട്.
എന്നാല്‍ അതൊന്നും തോട്ടങ്ങളില്‍ ജോലിക്ക് കൊണ്ടുവരുന്ന തൊഴിലാളികളുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."