കുഞ്ഞു ഹജ്ജ് തീര്‍ഥാടക അജ്‌വ ഫാത്തിമ; പ്രായം 53 ദിവസം
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: അജ്‌വ ഫാത്തിമ ഇന്നലെ മദീനയിലേക്കു പറന്നത് ഹജ്ജ് കര്‍മത്തിനായിരുന്നു. അവള്‍ മടങ്ങിയെത്തുക ഇനി കുഞ്ഞുഹജ്ജുമ്മയായിട്ടായിരിക്കും. അവള്‍ പിറന്നിട്ട് 53 ദിവസം മാത്രമേ ആയുള്ളു. കോഴിക്കോട് പറമ്പില്‍ ബസാര്‍ പോലൂര്‍ അബ്ദുല്‍ ജലീല്‍ -ജന്നത്തുന്നീസ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അജ്‌വ ഫാത്തിമ.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ഹജ്ജിനു പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടക. കഴിഞ്ഞ മെയ് 16നാണ് അജ്‌വ ഫാത്തിമയുടെ ജനനം.
ജന്നത്തുന്നിസ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ജലീല്‍ ഭാര്യയേയും പിതാവ് മുഹമ്മദിനേയും ഉള്‍പ്പെടുത്തി ഹജ്ജിന് അപേക്ഷ നല്‍കിയത്. ഹജ്ജ് നറുക്കെടുപ്പില്‍ വെയിറ്റിങ് ലിസ്റ്റില്‍ 2790 നമ്പറായി ഉള്‍പ്പെട്ടു.
ഹജ്ജ് സീറ്റുകള്‍ വര്‍ധിച്ചതോടെ വെയിറ്റിങ് ലിസ്റ്റില്‍ മൂവായിരം വരെയുളളവര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.
ഇതിനിടയിലാണ് മെയ് 16ന് ജന്നത്തുന്നീസ അജ്‌വ ഫാത്തിമക്ക് ജന്മം നല്‍കുന്നത്. ആ പ്രതീക്ഷയിലാണ് പ്രസവിച്ച് എട്ടാം ദിവസം കൊണ്ടുപോയി ജലീല്‍ അജ്‌വ ഫാത്തിമയ്ക്ക് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്.
ഇന്നലെ വൈകീട്ട് 5.25നുള്ള വിമാനത്തിലാണ് ജലീലും കുടംബവും കൈക്കുഞ്ഞുമായി ഹജ്ജിനായി പുറപ്പെട്ടത്. 12 വര്‍ഷമായി പറമ്പില്‍ കടവ് എം.എ.എം.യു.പി സ്‌കൂള്‍ അധ്യാപകനായ ജലീല്‍ വിഖായയുടെ സജീവ പ്രവര്‍ത്തകനാണ്.
തമാരശ്ശേരി കരിഞ്ചോല ദുരന്തപ്രദേശത്ത് അടക്കം സജീവമായിരുന്നു.
ഭാര്യ ജന്നത്തുന്നീസ കളന്‍തോട് അല്‍ബിര്‍റ് സ്‌കൂളിലെ അധ്യാപികയാണ്.
അജ്മല്‍ മുഹമ്മദ് (അഞ്ചാം ക്ലാസ്),ഹംന ഫാത്തിമ (രണ്ടാം ക്ലാസ്സ്)എന്നിവരാണ് ജലീലിന്റെ മറ്റുമക്കള്‍.
മെയ് 30ന് ജനിച്ച എറണാംകുളം ആലുവ നോര്‍ത്ത് എടത്തല ഷാക്കിറ മന്‍സിലില്‍ അബ്ദുറഹിമാന്‍-അല്‍ഫിയ ദമ്പതികളുടെ മകള്‍ ആദില മര്‍ജാന്‍ (38 ദിവസം) ആണ് പ്രായം കുറഞ്ഞ മറ്റൊരു തീര്‍ഥാടക. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നത് 21 കുട്ടികളാണ്. ഹജ്ജ് വേളയില്‍ രണ്ടു വയസിനു താഴെയുളള കുട്ടികള്‍ക്കാണ് രക്ഷിതാക്കള്‍ക്ക് ഒപ്പം ഹജ്ജിന് അവസരം നല്‍കുന്നത്. ഇവര്‍ക്ക് ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് വിമാന കമ്പനി ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം തുക മാത്രം നല്‍കിയാല്‍ മതി. ഈ വര്‍ഷം കരിപ്പൂരില്‍നിന്ന് ഒരുകുട്ടിക്ക് ആകെ ചെലവ് 12,200 രൂപയാണ്.
ഈ വര്‍ഷത്തെ 21 കുട്ടികളില്‍ ഒമ്പതു പേരും ജനിച്ചത് മാതാപിതാക്കള്‍ ഹജ്ജിന് അപേക്ഷ നല്‍കിയതിന് ശേഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."