ചെമ്മങ്ങാട് സ്റ്റേഷനില്‍ ആദ്യ വനിതാ എസ്.ഐ ചാര്‍ജെടുത്തു: ചരിത്ര ദൗത്യവുമായി സീത
കോഴിക്കോട്: സംസ്ഥാന പൊലിസ് ചരിത്രത്തില്‍ നാഴികക്കല്ലായി സീത ദൗത്യം ഏറ്റെടുത്തു. സംസ്ഥാനത്ത് ആദ്യമായി പൊലിസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന വനിതയായാണ് സബ് ഇന്‍സ്‌പെക്ടര്‍ സീത ചെമ്മങ്ങാട് പൊലിസ് സ്റ്റേഷനില്‍ ജോലിയാരംഭിച്ചത്. സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹറയുടെ നിര്‍ദേശപ്രകാരം തേഞ്ഞിപ്പലം സ്വദേശിയായ സീത ഇന്നലെ എസ്.ഐയായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
വട്ടാംപൊയില്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കോതി എന്നീ പ്രദേശങ്ങളാണ് 1973ല്‍ പ്രവര്‍ത്തനം തുടങ്ങിയ ചെമ്മങ്ങാട് സ്റ്റേഷന്റെ അധികാര പരിധി. നഗരത്തില്‍ താരതമ്യേന കുറ്റകൃത്യനിരക്ക് കുറഞ്ഞ ചെമ്മങ്ങാട് സ്റ്റേഷനില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഗാര്‍ഹിക പീഡനം, സ്ത്രീധനം തുടങ്ങിയ കേസുകളാണ്. പുതിയ നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും സീത പറഞ്ഞു. സ്ത്രീകളുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ ശക്തമായ നടപടികളെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സീത ചാര്‍ജെടുത്തത്.
48കാരിയായ സീത 1991ല്‍ കോണ്‍സ്റ്റബിള്‍ ആയാണ് സര്‍വിസില്‍ പ്രവേശിച്ചത്. സ്ഥാനക്കയറ്റത്തിലൂടെ ഏഷ്യയിലെ ആദ്യ വനിതാ പൊലിസ് സ്റ്റേഷന്‍ എസ്.ഐയായി ഇവര്‍ രണ്ടുവര്‍ഷം സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ അപ്പുകുട്ടനാണ് സീതയുടെ ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."