അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍ സര്‍വകലാശാലയുടെ ഒഴിഞ്ഞ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഉദ്യോഗസ്ഥന്റെ സീലും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ എഴുതാത്ത ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഉദ്യോഗസ്ഥന്റെ പേരിലുള്ള സീലും പിടിച്ചെടുത്തു. പൊലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
നാല് കെട്ടോളം ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്. സര്‍വകലാശാലയുടെ സല്‍പേരിന് തന്നെ കളങ്കം വരുത്തുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നതെ പൊലിസ് പരിശോധനയിലൂടെ പുറത്തുവന്നരിക്കുന്നത്. കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്.ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. അതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
കോപ്പിയടിച്ചാണ് നേതാക്കള്‍ പരീക്ഷകളില്‍ ജയിക്കുന്നതെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടത്തിയ പരിശോധനയില്‍ സര്‍വകലാശാലക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലിസ് നിയമന റാങ്ക് പട്ടികയില്‍ മുന്‍നിരയില്‍ ഇടംപിടിച്ചത് സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികളുടെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തിയതെന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."