കര്‍ഷ പ്രക്ഷോഭം: അദാനിയുടേയും അംബാനിയുടേയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ കര്‍ഷകര്‍ വളഞ്ഞു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തയാര്‍ജ്ജിക്കുന്നു. കൂടുതല്‍ പാതകള്‍ സ്തംഭിപ്പിച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക്. ഡല്‍ഹിയിലെ സിന്‍ഗൂര്‍, തിക്‌റി, ഗാസിയാബാദ് അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നിന്ന സമരമാണ് ഇന്ന് മറ്റിടങ്ങളിലേക്കും വ്യാപിച്ചത്. ഇന്നലെ ജയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിച്ചും അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞും കര്‍ഷകര്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും സമരം വ്യാപിച്ചത്. നാളെ മുതല്‍ റോഡുകള്‍ ഡല്‍ഹി- ജയ്പൂര്‍ ഹൈവേ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്സ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ട്രാക്ടറുകളിലും ട്രക്കുകളിലുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പഞ്ചാബ്, യു.പി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് നേരത്തെ പുറപ്പെട്ട കര്‍ഷകരും ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിത്തുടങ്ങി.
ഇതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചു. ആയിരം പൊലിസുകാരെ ഗുഡ്ഗാവ് അതിര്‍ത്തിയിലും 3500 പൊലിസുകാരെ ഫരീദാബാദിലുമാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി വിന്യസിച്ചത്. മാസങ്ങള്‍ കഴിയാനുള്ള സര്‍വ സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹിലെത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ഡല്‍ഹി അതിര്‍ത്തികളിലെ ഗതാഗതം പതുക്കെയായി. ഇന്നലെ ആഗ്ര ഹൈവേയില്‍ റോഡുകള്‍ ഉപരോധിച്ച കര്‍ഷകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ഹിസാറിലും കര്‍ണാലിലും ടോള്‍പ്ലാസകളില്‍ പണം നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രക്ഷോഭത്തില്‍ എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. നിയമം കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി ഉറപ്പു നല്‍കിയെങ്കിലും അതു തള്ളിയാണ കര്‍ഷകര്‍ തെരുവിലറിങ്ങിയത്.
ബി.ജെ.പി നേതാവും ഗൗതം ബുദ്ധ നഗര്‍ എം.പിയുമായ മഹേഷ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള നോയിഡയിലെ കൈലാഷ് ആശുപത്രിക്ക് മുമ്പിലും ഇന്നലെ കര്‍ഷകര്‍ സമരം നടത്തി. അരിയും ഭക്ഷ്യവസ്തുക്കളുമായെത്തിയ 150ലധികം വരുന്ന സമരക്കാര്‍ അത് നാട്ടുകാര്‍ക്ക് വിതരണം ചെയ്താണ് പ്രതിഷേധിച്ചത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹനുമാന്‍ ബേനിവാള്‍ എം.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഘടകകക്ഷി ആര്‍.എല്‍.പി പ്രത്യക്ഷ സമരത്തിനിറങ്ങി. തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ഡല്‍ഹി കൂടുതല്‍ സ്തംഭിപ്പിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."