കിഴക്ക്-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു
കൊല്‍ക്കത്ത: രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലെ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കം. ബംഗാള്‍, ബിഹാര്‍, അസം, ത്രിപുര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അസമിലെ ബ്രഹ്മപുത്ര നദി ഉള്‍പ്പെടെയുള്ളവ കരകവിഞ്ഞ് ഒഴുകിതുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. അസമില്‍ ഏതാണ്ട് 25 ജില്ലകളിലായി 15 ലക്ഷത്തോളം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം ഇന്നലെ ബംഗാളില്‍ ജെല്പായ്ഗുരി ജില്ലയില്‍ മഴയില്‍ നിറഞ്ഞുകവിഞ്ഞ ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. ഷാന്പുര നഗരത്തില്‍ നടന്നുപോകുകയായിരുന്ന ബിമല്‍ സില് എന്നയാളാണ് കാല്‍വഴുതി കനാലില്‍ വീണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു.
ത്രിപുരയില്‍ തുടര്‍ച്ചയായ മഴ കാരണം തലസ്ഥാനമായ അഗര്‍ത്തലയിലടക്കം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ജോലിക്കാര്‍ക്ക് എത്താന്‍ കഴിയാത്തതുകാരണം തൊഴില്മേഖലകളടക്കം നിശ്ചലമാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കടകളിലും വീടുകളിലും വെള്ളം കയറിയത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ബിഹാറില്‍ ലക്ഷക്കണക്കിന് ജനങ്ങളെ സാരമായി ബാധിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് മൂന്നുപേരെ വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."