കുട്ടിമാക്കൂല്‍ സംഭവത്തില്‍ എസ്.പിയോട് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍: കുട്ടിമാക്കൂല്‍ സംഭവത്തില്‍ ജില്ലാ പൊലിസ് ചീഫിനോട് വനിതാ കമ്മിഷന്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ പൊലിസുകാര്‍ അമിതാവേശം കാണിച്ച് സ്ത്രീയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുവെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലയില്‍ ആശുപത്രി, ധനകാര്യ സ്ഥാപനം, വസ്ത്രശാലകള്‍ തുടങ്ങി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന പീഡനം സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി കലക്ടറേറ്റില്‍ നടന്ന അദാലത്തിനുശേഷം വനിതാ കമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച പരാതികളിലേറെയും സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കമുള്ള പീഡനത്തെ കുറിച്ചാണ്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുന്നുണ്ട്. നിയമത്തിന്റെ അഭാവമല്ല, സമൂഹത്തിന്റെ മനോഭാവമാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണത്തിന് കമ്മിഷന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലിക കരാര്‍ ജീവനക്കാരികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നില്ലെന്ന പരാതിയും അദാലത്തിന്റെ പരിഗണനക്ക് വന്നു. വിഷയം ബന്ധപ്പെട്ട തലങ്ങളില്‍ ഉന്നയിക്കും.മാതമംഗലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃദ്ധ മാതാവിന് അനുവദിച്ച് പട്ടയം നല്‍കിയ മിച്ചഭൂമി അളന്നു തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയും പരിഗണനക്ക് വന്നു. വിസയ്ക്ക് പണം അക്കൗണ്ടിലിട്ട സംഭവത്തില്‍ വനിതാകമ്മിഷന്‍ കേസെടുത്തു.
അദാലത്തില്‍ 75 കേസ് പരിഗണിച്ചു. 40 കേസുകള്‍ തീര്‍പ്പാക്കി. 12 പരാതിയില്‍ പൊലിസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചു പരാതി കമ്മിഷന്റെ പൂര്‍ണ സിറ്റിങ്ങിനായി മാറ്റി. 12 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാനായി മാറ്റിവെച്ചു. അഡ്വക്കറ്റ് ഒ.കെ പത്മപ്രിയ, കെ ഷാജഹാന്‍, അനില്‍ റാണി എന്നിവരും സിറ്റിങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."