പ്രവാസ ജീവിതം മതിയാക്കി; ഇനി മത്സ്യകൃഷിയിലേക്ക്....
ചാലക്കുടി: പ്രവാസി ജീവിതം മതിയാക്കി ജോസഫ് മത്സ്യകൃഷിയിലേക്ക്. നൂറ് മേനി വിളവെടുപ്പ് ഒരുക്കാനുള്ള തിരക്കിലാണ് മോതിക്കണ്ണി കരിപ്പായി വീട്ടില്‍ ജോസഫ്. പിതൃസ്വത്തായി ലഭിച്ച അഞ്ചേക്കര്‍ ഭൂമിയുടെ തെക്കെ അറ്റത്താണ് ജോസഫ് മത്സ്യഫാം ഒരുക്കിയിട്ടുള്ളത്.
രണ്ട് പതിറ്റാണ്ടോളം കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഈ പ്രവാസി കൃഷിയിലേക്കിറങ്ങിയത്. കരിപ്പായി വീട്ടില്‍ ജോസഫ് കൃഷിയിലേക്കിറങ്ങുന്നത്. ഒരു വര്‍ഷം മുന്‍പ് രണ്ടു മക്കളുമായി കുവൈറ്റില്‍ നിന്നും നാട്ടിലെത്തി.
ജോലി ഉപേക്ഷിച്ച് തിരികെ വരുമ്പോഴും കൃഷി തന്നെയായിരുന്നു മനസ് നിറയെ. കൃഷി ഒന്ന് പച്ച പിടിച്ചതിന് ശേഷം ഭാര്യയേയും തിരികെ കൊണ്ടു വരണമെന്നാണ് ജോസഫിന്റെ ആഗ്രഹം. പിതാവ് ജെയിംസ് പണ്ട് നടത്തിയിരുന്ന മത്സ്യകൃഷിയില്‍ നിന്നും ലഭിച്ച പ്രചോതനമാണ് ഈ കൃഷിയിലേക്ക് തിരിയാന്‍ കാരണമായത്.
40സെന്റ് സ്ഥലത്താണ് കുളം സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചടിയോളം താഴ്ചയില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റി. പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് അതില്‍ വെള്ളം നിറച്ച് കുളമൊരുക്കി. കുളത്തിന് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് സംരക്ഷണ ഭിത്തിയൊരുക്കിയിട്ടുണ്ട്. പക്ഷികള്‍ കുളത്തിലേക്ക് പ്രവേശിക്കാതിരിക്കാനായി കുളത്തിന് മുകളില്‍ ചൂണ്ട നൂലുകള്‍ കൊണ്ട് ബേര്‍ഡ് ലൈനും തീര്‍ത്തിട്ടുണ്ട്.
സമീപത്തെ കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് മത്സ്യഫാമിലേക്ക് വെള്ളമടിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം രണ്ട് വീതം വെള്ളം ഫാമില്‍ നിന്നും പൈപ്പുകള്‍ വഴി പുറത്തെ കൃഷിയിടത്തേക്ക് തുറന്ന് വിടും. തുറന്ന് വിടുന്നത്രയും വെള്ളം കുളത്തില്‍ നിന്ന് ഫാമിലേക്കടിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും. പോഷകഗുണങ്ങള്‍ ഏറെയുള്ള ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഇരുപത്തിഅയ്യായിരം കുഞ്ഞുങ്ങളാണ് ഇപ്പോഴുള്ളത്.
എട്ട് മാസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന ഇവ ഓരോന്നിനും മുക്കാല്‍ കിലോയോളം തൂക്കം വരും.
ഹൈദ്രാബാദില്‍ നിന്നുമാണ് മത്സ്യുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഒരു മത്സ്യകുഞ്ഞിന് രണ്ട് രൂപ എഴുപത് പൈസയാണ് വില. മുന്തിയ തീറ്റയാണ് ഫാമില്‍ ഉപയോഗിക്കുന്നത്. പ്രതിദിനം രണ്ട് ചാക്ക് തീറ്റ വേണ്ടിവരും. ഒരു ചാക്കിന്റെ വില ആയിരത്തി അഞ്ഞൂറോളം രൂപയാണ്. നല്ല തീറ്റ ഉപയോഗിച്ചാല്‍ പോഷകഗുണമുള്ള മത്സ്യങ്ങളെ ലഭിക്കും.
അതുകൊണ്ട് തന്നെ വില നോക്കാതെ ക്വാളിറ്റിക്ക് മാത്രമാണ് ഈ ഫാമില്‍ പരഗണന നല്‍കുന്നത്. വെള്ളത്തില്‍ മതിയായ ഓക്‌സിജന്‍ ലഭിക്കാനായി കുളത്തില്‍ നാല് ഓക്‌സിജന്‍ ഓറിയേറ്ററും ഒരുക്കിയിട്ടുണ്ട്.
ഓറിയേറ്റര്‍ ഒരെണ്ണത്തിന് ഇരുപത്തിയയ്യായിരം രൂപയാണ് വില. ഇവ ദിവസത്തില്‍ നാല് തവണ ഓരോ മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിക്കും.
ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കേണ്ടതായി വരും. എട്ട് ലക്ഷം രൂപയാണ് ഫാമൊരുക്കാനായി ഇതുവരെ ചെലവിട്ടത്.
ക്രിസ്മസോടെ മത്സ്യ വീപണി സജീവമാകും. ജൂണ്‍ ആദ്യവാരം വരെ മത്സ്യത്തിന് നല്ല ഡിമാന്റാണ്. ആദ്യ വിളവെടുപ്പില്‍ മത്സ്യകൃഷി ആദായകരമായാല്‍ കട്ടള, രോഹി തുടങ്ങിയ മത്സ്യങ്ങളുടെ വിപണനത്തിനായി മറ്റൊരു കുളവും ഒരുക്കാന്‍ ജോസഫിന് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."