ഇന്ന് ലോക വയോജനദിനം: പ്രായം തളര്‍ത്താതെ പരപ്പനും മുത്തിയും
ബോബന്‍സുനില്‍
കാട്ടാക്കട: ഇവര്‍ നടക്കുകയാണോ അതോ ഓടുകയാണോ? ഇവര്‍ക്കും അറിയില്ല, പരിസരവാസികള്‍ക്കും. പുലര്‍ച്ചെ മുതല്‍ അന്തിയാകും വരെ ഉള്‍വനത്തിലും പുഴയോരത്തും കാട്ടുമൃഗങ്ങള്‍ വിളയാടുന്ന കൊടുംകാട്ടിലും രാപകല്‍ വ്യത്യാസമില്ലാതെ അലയുന്ന പരപ്പനും മുത്തിയും വയോജന ദിനത്തില്‍ ഒരു വേദനയും കൗതുകവുമായി മാറുന്നു.
അഗസ്ത്യവനത്തിലെ കൈതോട് സെറ്റില്‍മെന്റിലെ ആദിവാസി വിഭാഗത്തിലെ കാണിക്കാരാണ് പരപ്പനും മുത്തിയും. പ്രായം ചോദിച്ചാല്‍ അറിയില്ല എന്നേ പറയൂ. പക്ഷേ രേഖകളില്‍ 80 ഉം 65 ഉം. അതിലും നീളും പ്രായം എന്ന് ഇവര്‍ക്ക് അറിയാം. കൈതോട് സെറ്റില്‍മെന്റിലെ നയനമനോഹരമായ ഒരു വെള്ളച്ചാട്ടത്തിന് അരികിലാണ് ഇവരുടെ കുടില്‍. വീട്ടിനകത്ത് ശരീരം തളര്‍ന്ന ഒരു മകള്‍. അനങ്ങാന്‍ പോലും വയ്യ. രണ്ടാമത്തെ മകള്‍ക്ക് അംഗവൈകല്യം അല്‍പ്പം. വീട്ടിനകത്ത് നടക്കാം. പുറത്തേക്ക് പോകണമെങ്കില്‍ പരസഹായം വേണം. വീട്ടില്‍ ഒരു ആള്‍ കൂടിയുണ്ട്. ചെറുമകന്‍. 20 കഴിഞ്ഞ ചെറുമകന് മാനസിക അസ്വാസ്ഥ്യം. അതിനാല്‍ തന്നെ പഠിക്കാനും പോയിട്ടില്ല. മകളുടെ വിവാഹം കഴിഞ്ഞയുടന്‍ ഒരു കുഞ്ഞ് ജനിച്ച ശേഷം മകളെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി.
അങ്ങിനെ ഭാരത്തിനു മേലെ ഭാരം. ഈ ദമ്പതികള്‍ മറ്റൊന്നും ചിന്തിച്ചില്ല. വീട്ടില്‍ ഒരു നേരം എങ്കിലും കഞ്ഞി വേണമല്ലോ. അങ്ങിനെയാണ് ഇവര്‍ ഈ പ്രായത്തിലും കാട് അലയുന്നത്. അല്‍പ്പം ഭൂമിയുണ്ട്. അതില്‍ കപ്പ നടും. പക്ഷേ കൂട്ടമായി എത്തുന്ന കാട്ടുപന്നികളും മാനുകളും അതിനെ നശിപ്പിക്കും.
അതിനാല്‍ കാട്ടില്‍ അലയുമ്പോള്‍ കിട്ടുന്ന വിഭവങ്ങള്‍ കൊണ്ടാണ് ജീവിതം. ഈറ്റയില്‍ തങ്ങള്‍ തന്നെ നിര്‍മിച്ച കൂടയുമായി ഇരുവരും രാവിലെ ഇറങ്ങും. കാട്ടു ദൈവങ്ങള്‍ക്ക് തിരിയും കത്തിച്ച് ഇവര്‍ അലയാന്‍ തുടങ്ങും. വനത്തിലെ ഭക്ഷ്യയോഗ്യമായ നിരവധി കിഴങ്ങുകളുണ്ട്. നെടുവാന്‍, കാട്ടുകാച്ചില്‍ തുടങ്ങി പലതും. പിന്നെ പട്ടിണിക്കായ എന്നു വിളിക്കുന്ന ഒരു തരം കായ. തേനും നെല്ലിക്കയും കിട്ടിയാല്‍ അത് തന്നെ ഒരു ഭാഗ്യം. പുഴയില്‍ അല്‍പ്പം ഇരുന്ന് ചൂണ്ടയിടും. ചിലപ്പോള്‍ പുഴ കനിയും. അതുമായി വീട്ടിലേക്ക്, ചിലപ്പോള്‍ ഒന്നും കിട്ടാത്ത ദിവസങ്ങളുമുണ്ടാകും. വീട്ടില്‍ ഈ വയോജനങ്ങളെ കാത്തിരിക്കുന്നവര്‍ക്ക് വല്ലതും കിട്ടുന്നത് വൈകിട്ടാണ്. കൊണ്ടുവന്നവ പാകം ചെയ്ത് കഴിക്കും. തേനും മറ്റും പുറത്ത് വില്‍ക്കും. ഒന്നും കിട്ടാത്ത ദിനങ്ങളില്‍ പട്ടിണി.
എല്ലും തോലുമായ മക്കളാണ് വീട്ടില്‍. ഇവര്‍ക്ക് ക്ഷയരോഗം ഉള്‍പ്പടെയുണ്ടെന്ന് വനം വകുപ്പ് തന്നെ പറയുന്നു. എന്തായാലും വിശ്രമിക്കേണ്ട പ്രായത്തില്‍ മക്കള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടി അലയുക. അതിന്റെ കൂടെ തങ്ങളുടെ സ്ഥലത്ത് കൃഷി ചെയ്യുക. ഈ ഓണത്തിന് പോലും വിശ്രമിച്ചത് തിരുവോണത്തിന് മാത്രം.
ഈ കാണിക്കാര്‍ക്ക് അതില്‍ വിഷമവും ഇല്ല- എല്ലാം ഉടയതമ്പുരാന്‍ തന്നത് എന്ന് കരുതി ഇവര്‍ പുറപ്പെടുകയാണ്. ഈ വയോജന ദിനത്തിലും അത് എന്തെന്ന് പോലും അറിയാതെ ഓടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."