ഗാര്‍ഹിക ആവശ്യത്തിനുള്ള കീടനാശിനികളുടെ വില്‍പനക്ക് നിയന്ത്രണം
തിരുവനന്തപുരം: ഗാര്‍ഹിക ആവശ്യത്തിനുള്ള കീടനാശിനികളുടെ വില്‍പനക്ക് കൃഷിവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹാര്‍ഡ്‌വെയര്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ റീട്ടെയില്‍ കടകള്‍ വഴി ലൈസന്‍സില്ലാതെ ഗാര്‍ഹിക കീടനാശിനികള്‍ വില്‍പന നടത്തിയതായി കണ്ടെത്തിയിരുന്നു.
മാരക കീടനാശിനികളുടെ അമിതമായ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഗാര്‍ഹിക കീടനിയന്ത്രണത്തിനുള്ള ഉല്‍പന്നങ്ങളുടെ വിതരണത്തിലും വില്‍പനയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ വകുപ്പ് തീരുമാനിച്ചത്. വകുപ്പ് ലൈസന്‍സ് നല്‍കിയിട്ടുള്ള വിതരണക്കാര്‍ നല്‍കുന്ന അംഗീകൃത ഗാര്‍ഹിക കീടനാശിനി ഉല്‍പന്നങ്ങള്‍ മാത്രമേ ഇനിമുതല്‍ റീട്ടെയില്‍ ഷോപ്പുകളില്‍ സൂക്ഷിക്കാനും വില്‍പന നടത്താനും പാടുള്ളൂ.
ഇന്‍സെക്ടിസൈഡ്‌സ് ആക്ട് 1968, ഇന്‍സെക്ടിസൈഡ്‌സ് റൂള്‍സ് 1971 എന്നീ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിധേയമായാണ് സംസ്ഥാനത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കീടനാശിനികളുടെ വിതരണത്തിനും വില്‍പനക്കുമുള്ള നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുളളത്. ഇതുപ്രകാരം കീടനാശിനികള്‍ ഉപഭോഗവസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുന്നതും വില്‍പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷിതമായ പായ്ക്കറ്റുകളില്‍ ലഭ്യമാകുന്ന ഗാര്‍ഹിക കീടനാശിനികള്‍ മറ്റ് ഉപഭോഗവസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുന്നതിലും വില്‍പന നടത്തുന്നതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലും മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഇത്തരം കീടനാശിനികളുടെ വില്‍പന യാതൊരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നു വന്നിരുന്നത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള കീടനാശിനികള്‍ മിക്കതും ഉയര്‍ന്ന വിഷാംശം ഉള്ളതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. കീടനാശിനികളുടെ വില്‍പനക്കും വിതരണത്തിനും ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പൊതു വ്യവസ്ഥകള്‍ ഇനി ഗാര്‍ഹിക കീടനാശിനികള്‍ക്കും ബാധകമാണ്.
ഇതിനു പുറമേ, റീട്ടെയില്‍ ഷോപ്പുകള്‍ തങ്ങളുടെ അംഗീകൃത വിതരണക്കാര്‍ നല്‍കിയിട്ടുള്ള കീടനാശിനികളുടെ ലിസ്റ്റ് അടങ്ങിയ ലൈസന്‍സിന്റെ പകര്‍പ്പ് അതാതു കൃഷിഭവനുകളില്‍ സമര്‍പ്പിക്കുകയും ചെയ്യണം. ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ എല്ലാ കൃഷി ഓഫിസര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."