കെ.എസ്.ആര്‍.ടി.സി: വായ്പക്കായി എം.ഡിയുടെ വിദേശ യാത്ര
തിരുവനന്തപുരം: പുനരുദ്ധാരണത്തിന് വായ്പ തരപ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി വിദേശ പര്യടനം നടത്തി. കാനഡയിലെ ഒരാഴ്ചത്തെ പര്യടനത്തിനുശേഷം കഴിഞ്ഞ ദിവസമാണ് എം.ഡി രാജമാണിക്യം തിരിച്ചെത്തിയത്. കനേഡിയന്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയാറാണെങ്കിലും മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന് അംഗീകരിക്കാനാവാത്തതിനാല്‍ അവരുടെ വായ്പകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചു.
എല്ലാ മാസവും ഡിപ്പോകളും വര്‍ക്ക്‌ഷോപ്പുകളും ഈടുവച്ച് വായ്പ തരപ്പെടുത്തിയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നത്. കടം പൂര്‍ണമായി മാറണമെങ്കില്‍ ഏകദേശം 7,000 കോടിയെങ്കിലും വേണം. രണ്ടുമാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ കുടിശ്ശികയാണ്. ജീവനക്കാരുടെ ശമ്പളം മുടക്കം കൂടാതെ നല്‍കണം.
വിവിധ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടയ്ക്കണം. ഇവിടെയെല്ലാം വച്ചിട്ടുള്ള ഡിപ്പോകളുടെയും വര്‍ക്ക്‌ഷോപ്പുകളുടേയും ആധാരങ്ങള്‍ തിരിച്ചെടുക്കണം. ബസ് ടെര്‍മിനലുകളുടെ നിര്‍മാണം, ഷോപ്പിങ് കോംപ്ലസുകളുടെ നിര്‍മാണം, പുതിയ ബസുകള്‍ നിരത്തിലിറക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വായ്പയെടുക്കാതെ രക്ഷയില്ല. രാജ്യത്തിനകത്തുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ പലിശയിനത്തില്‍ കോടികളാണ് നഷ്ടമാകുന്നത്.
എന്നാല്‍, കുറഞ്ഞ പലിശയ്ക്ക് വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുത്തിയാല്‍ നിലവിലെ കടങ്ങളെല്ലാം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. അതിനായി വിദേശ രാജ്യങ്ങളിലെ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ വകുപ്പുമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജമാണിക്യം വിദേശ പര്യടനം ആരംഭിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷം മുന്‍പ് ലോകബാങ്കും ഐ.എം.എഫും മറ്റ് വിദേശ ബാങ്കുകളും വായ്പ നല്‍കാമെന്നു സമ്മതിച്ചിരുന്നു. എന്നാല്‍, വായ്പ നല്‍കുന്നതിനോടൊപ്പം ബാങ്കുകള്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍കൂടി പാലിക്കേണ്ടിവരുമെന്നത് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകും.
ഇതിനേത്തുടര്‍ന്ന് വിദേശ ബാങ്കുകളില്‍ നിന്ന് വായ്പ വാങ്ങുന്നത് അന്ന് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, നാല് വര്‍ക്‌ഷോപ്പുകള്‍ ഒന്നിപ്പിച്ച് ഒറ്റ വര്‍ക്‌ഷോപ്പ് ആക്കുക, ലാഭകരമല്ലാത്ത റൂട്ടുകളില്‍ നിന്ന് ബസുകള്‍ പിന്‍വലിക്കുക, നാല് ഡിപ്പോകള്‍ ഒന്നിച്ചാക്കുക, കണ്‍സഷന്‍ സമ്പ്രദായം നിര്‍ത്തലാക്കുക, മാസത്തിന്റെ ആദ്യ ദിവസംതന്നെ പലിശ അടയ്ക്കുക തുടങ്ങിയ മാനദണ്ഡങ്ങളാണ് ബാങ്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിനായി നിയോഗിച്ച സുശീല്‍ഖന്ന റിപ്പോര്‍ട്ടിലും ഇത്തരം നിര്‍ദേശങ്ങളുണ്ട്. ഈ നിര്‍ദേശങ്ങളില്‍ ചിലത് അടുത്തിടെ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയിരുന്നു. ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. നാല് ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിക്കാമെന്നു ബാങ്കുകള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, മാനദണ്ഡങ്ങള്‍ അംഗീകരിച്ച് വായ്പ തരപ്പെടുത്താന്‍ മെനക്കെടേണ്ടെന്നാണ് വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ നിലപാട്.
കനേഡിയന്‍ ബാങ്കുകള്‍ വായ്പ നല്‍കിയില്ലെങ്കില്‍ മറ്റു രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്ന നിലപാടിലാണ് മന്ത്രി. ഇതിന്റെ അടിസ്ഥാനത്തില്‍ എം.ഡി അടുത്ത വിദേശ യാത്രയ്ക്ക് തയാറെടുക്കുകയാണ്.
വിദേശപര്യടന ബുദ്ധി വകുപ്പ് മന്ത്രിയുടേത്
വിദേശ ബാങ്കുകളുമായി ചര്‍ച്ച നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യത്തെ വിട്ടത് വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ ബുദ്ധി. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താല്‍ വലിയ പലിശ നല്‍കേണ്ടിവരും. ഇത്തരം വായ്പകള്‍ നിലവിലെ ശമ്പളം-പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമേ തികയൂ. എന്നാല്‍, പലിശയിനത്തില്‍ കോടികള്‍ നഷ്ടമാവുകയും ചെയ്യും. വിദേശ ബാങ്കുകളില്‍ നിന്നുള്ള വായ്പയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ കടങ്ങളും പരിഹരിക്കാനാവും. കൂടാതെ നിരവധി ധനകാര്യ സ്ഥാപനങ്ങളില്‍ പലിശ കൊടുക്കുന്നത് ഒഴിവാക്കി ഒരു വിദേശ ബാങ്കില്‍ മാത്രം പലിശ കൊടുത്താല്‍ മതിയാകും. നിരവധി വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഈ തീരുമാനത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."