നീതി ആയോഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.എം.എസ്
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നയം വികലമാണെന്ന് സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ്. സംഘടനയുടെ ദേശീയ സമ്മേളനം പാസാക്കിയ പ്രമേയത്തിലാണ് നീതി ആയോഗിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.
കൃത്യമായ കാഴ്ചപ്പാടില്ലാതെ നിഷേധാത്മക സമീപനങ്ങള്‍ മാത്രം സ്വീകരിക്കുന്ന നീതി ആയോഗിനെതിരേ ജൂണ്‍ 22,23 തീയതികളില്‍ രാജ്യമെങ്ങും പ്രതിഷേധ പരിപാടികള്‍ നടത്താനും ദേശീയ സമ്മേളനം തീരുമാനിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കും.
അസന്തുലിതമായ വികസന കാഴ്ചപ്പാടുകളുമായി ബുദ്ധിജീവികളെ വച്ചുള്ള ചെലവേറിയ അഭ്യാസമാണ് നീതി ആയോഗില്‍ നടക്കുന്നതെന്ന് ബി.എം.എസ് പ്രമേയം വിമര്‍ശിക്കുന്നു. തൊഴിലാളികള്‍, കൃഷിക്കാര്‍, സാധാരണക്കാര്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍, പട്ടികവര്‍ഗക്കാര്‍, ചെറുകിട വ്യവസായികള്‍ എന്നിവരടങ്ങുന്ന സാമൂഹിക മേഖലയെപ്പറ്റിയൊന്നും നീതി ആയോഗ് ചിന്തിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിനെയും രാജ്യത്തെ മുഴുവനും തെറ്റിദ്ധരിപ്പിക്കുകയാണ് നീതി ആയോഗെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
കേന്ദ്രസര്‍ക്കാരിന് തൊഴിലാളി വിരുദ്ധ മുഖം നല്‍കുന്നതില്‍ നീതി ആയോഗ് വിജയിച്ചിരിക്കുന്നു. കാര്‍ഷിക ആദായങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ജനവിരുദ്ധമായതാണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണം- പ്രമേയം പറയുന്നു. അടുത്ത ദേശീയ സമ്മേളനം 2020ല്‍ ഹൈദരാബാദില്‍ നടത്താനും യോഗം തീരുമാനിച്ചു.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എന്തു പരിഷ്‌ക്കരണങ്ങളും ആ മേഖലയുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനിക്കാവൂ എന്ന് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. നീതി ആയോഗ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങളെല്ലാം ഉടനടി പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ബിഎംഎസ് ഭാരവാഹികള്‍: അഡ്വ. സി.കെ സജി നാരായണന്‍(പ്രസിഡന്റ്), കെ.എല്‍ റെഡ്ഡി, ഹിരണ്‍മയ് പാണ്ഡെ, ജയന്തിലാല്‍, മഹേന്ദ്രപ്രതാപ് സിങ്, എസ്. മല്ലേശന്‍, ജഗദീശ്വര്‍ റാവു, പ്രമോധിനി ദാസ്(വൈസ് പ്രസിഡന്റുമാര്‍), ബ്രജേഷ് ഉപാധ്യായ(ജനറല്‍ സെക്രട്ടറി), ബി. സുരേന്ദ്ര(സംഘടനാ സെക്രട്ടറി), ഗോകുലാനന്ദ് ജന, ഡി.കെ പാണ്ഡെ, സുരീന്ദര്‍ താക്കൂര്‍, ഗീത ചൗബേ, സുരേന്ദര്‍ പാണ്ഡെ, റാസ്ബിഹാരി ശര്‍മ്മ, വിനയ് സിന്‍ഹ(സെക്രട്ടറി). ദേശീയ സമിതി അംഗങ്ങളായി സി.വി രാജേഷ്, എം.പി രാജീവന്‍, വി.രാധാകൃഷ്ണന്‍, അഡ്വ. എസ്. ആശാമോള്‍ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."