മദ്യക്കയത്തില്‍ മുങ്ങുന്ന കേരള സര്‍ക്കാര്‍
കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാരിന് ഏറ്റവുമധികം പേരുദോഷമുണ്ടായത് മദ്യനയത്തിന്റെയും പൊലിസ് നയത്തിന്റെയും പേരിലാണ്. അതില്‍ മദ്യം ഇന്നും സര്‍ക്കാരിനെ വിടാതെ പിന്തുടരുകയാണ്. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബാറുകള്‍ അടച്ചുപൂട്ടിയും ചില്ലറ വില്‍പ്പനശാലകളുടെ എണ്ണം കുറച്ചും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയ മദ്യനയത്തെ പാടേ അട്ടിമറിക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ സ്വീകരിച്ചത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് വലിയതോതില്‍ മങ്ങലേല്‍പ്പിച്ച സോളാര്‍ തട്ടിപ്പും ബാര്‍കോഴ വിവാദവും ആ സര്‍ക്കാരിനെതിരേ സൃഷ്ടിച്ച ജനവികാരത്തിന്റെ ആനുകൂല്യത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷം തങ്ങളുടെ വിജയം നാട്ടില്‍ മദ്യമൊഴുക്കാനുള്ള ജനസമ്മതിയായി വ്യാഖ്യാനിച്ച് ആ ദിശയില്‍ മുന്നോട്ടുപോകുകയാണ്. പൂട്ടിപ്പോയ ബാറുകളിലധികവും തുറന്നുകൊടുത്തും കൂടുതല്‍ ചില്ലറ വില്‍പ്പനശാലകള്‍ തുറന്നുമുള്ള സര്‍ക്കാരിന്റെ പ്രയാണം ഇപ്പോള്‍ എത്തിനില്‍ക്കുന്നതു സംസ്ഥാനത്തു പുതിയ മദ്യനിര്‍മാണശാലകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വലിയൊരു വിവാദത്തിലാണ്.
സംസ്ഥാനത്തു മൂന്നു ബിയര്‍ നിര്‍മാണശാല(ബ്രൂവറി)കള്‍ക്കും ഒരു ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ നിര്‍മാണശാല(ഡിസ്റ്റിലറി)യ്ക്കും അനുമതി നല്‍കിയതാണു പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയും സര്‍ക്കാരിന്റെ മദ്യനയത്തിലോ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റിലോ പ്രഖ്യാപിക്കാതെയും പിന്‍വാതിലിലൂടെയാണ് അനുമതി നല്‍കിയതെന്നാണ് ആരോപണം. ഇതിനുപിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു. മാത്രമല്ല, ഭരണമുന്നണിയില്‍ ചര്‍ച്ച ചെയ്യുകയോ മുന്നണി ഘടകകക്ഷികളെ അറിയിക്കുകയോ ചെയ്യാതെ ഭരണം നിയന്ത്രിക്കുന്ന സി.പി.എം ഒറ്റയ്‌ക്കെടുത്ത തീരുമാനമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.
ആരോപണങ്ങളുടെ സത്യാവസ്ഥ എന്തുതന്നെയായാലും സര്‍ക്കാര്‍ എന്തൊക്കെയോ ഒളിച്ചുവയ്ക്കുന്നുണ്ടെന്നു തോന്നിപ്പിക്കുന്ന തരത്തിലാണു ഭരണകര്‍ത്താക്കളുടെ പെരുമാറ്റം. ആരോപണങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ അവര്‍ക്കാവുന്നില്ല. നല്‍കുന്ന മറുപടികള്‍ വാസ്തവമല്ലെന്നു വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. അതു ചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷത്തിനു മേല്‍ കര്‍ണാടക മദ്യലോബിയുമായുള്ള ബന്ധം ആരോപിച്ചു രക്ഷപ്പെടാന്‍ ഭരണപക്ഷം ശ്രമിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ചട്ടപ്രകാരം താല്‍പര്യപത്രം ക്ഷണിക്കാതെയാണു മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നു കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ മദ്യനയത്തിന് അനുസൃതമായാണ് ഈ നടപടിയെന്നാണ് എക്‌സൈസ് മന്ത്രി വാദിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ പുറത്തിറക്കിയ മദ്യനയത്തില്‍ പുതിയ മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. തൃശൂരില്‍ ഡിസ്റ്റിലറി ആരംഭിക്കാന്‍ അനുമതി നല്‍കരുതെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശം അവഗണിച്ചാണു ശ്രീചക്ര കമ്പനിക്ക് അനുമതി നല്‍കിയതെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.
ഡിസ്റ്റിലറി ആരംഭിക്കാനുള്ള അനുമതിക്ക് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കു വിശദമായ പദ്ധതി രേഖാസഹിതം അപേക്ഷ നല്‍കണമെന്നാണു വ്യവസ്ഥ. അതു പാലിക്കാതെ വെള്ളക്കടലാസില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എറണാകുളത്ത് ഒരു ബ്രൂവറി സ്ഥാപിക്കാന്‍ കിന്‍ഫ്ര ജനറല്‍ മാനേജര്‍ക്കു ലഭിച്ച അപേക്ഷയിന്‍മേല്‍ വിശദമായ പരിശോധന കൂടാതെ അനുമതി നല്‍കിയതെന്നതടക്കമുള്ള നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്.
മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുന്ന സാഹചര്യമാണിപ്പോഴുള്ളത്. മദ്യവ്യവസായം ചെറുകിട കച്ചവടമല്ല. ശതകോടികള്‍ മദ്യമുതലാളിമാരുടെ പണപ്പെട്ടിയില്‍ വന്നു വീഴുന്ന വന്‍ ബിസിനസാണ്. അതുകൊണ്ടു തന്നെ ഇതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വന്‍ തുകയുടേതായിരിക്കുമെന്നുറപ്പ്. ഫലത്തില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യക്കയത്തില്‍ മുങ്ങി സംശയത്തിന്റെ നിഴലില്‍ വലയുന്ന അവസ്ഥയാണുള്ളത്. അഴിമതി നടന്നിട്ടില്ലെങ്കില്‍ ആരോപണങ്ങള്‍ക്കു വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കണം. അവ്യക്തതയുണ്ടെങ്കില്‍ സമഗ്രാന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
വ്യക്തത വന്നതുകൊണ്ടു മാത്രം വിട്ടുകളയേണ്ട വിഷയമല്ലിത്. നാലു മദ്യനിര്‍മാണശാലകള്‍ അനുവദിച്ചുവെന്നതിലപ്പുറം സംസ്ഥാനത്തു മദ്യലഭ്യത വ്യാപിപ്പിക്കുകയെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്ന ഗുരുതരമായ യാഥാര്‍ഥ്യവുമുണ്ട്. വിനാശകരമായ ഈ നയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. അതിനു തയാറായില്ലെങ്കില്‍ ശക്തമായ ബഹുജനപ്രതിഷേധമുയരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."