ആടുജീവിതത്തിലെ നായകന്‍ നാട്ടിലേക്ക് മടങ്ങുന്നു
മനാമ: ബെന്യാമിന്റെ ''ആടുജീവിതം'' എന്ന നോവലിലെ നായക കഥാപാത്രം ആലപ്പുഴ-ആറാട്ടുപുഴ സ്വദേശി നജീബ് ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ച് ബുധനാഴ്ച നാട്ടിലേക്ക് മടങ്ങുന്നു.
രണ്ടു പതിറ്റാണ്ടുമുന്‍പ് സഊദിയിലായിരിക്കുമ്പോഴാണ് നജീബിന്റെ ജീവിതത്തില്‍ ''ആടുജീവിതം'' സംഭവിച്ചത്. കഴിഞ്ഞ 21 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ നജീബ് പ്രവാസ ജീവിതത്തിലേക്ക് ഇനി മടങ്ങില്ലെന്ന തീരുമാനത്തോടെയാണ് ഈ മാസം 16ന് നാട്ടിലേക്ക് മടങ്ങുന്നത്.
നജീബിന്റെ ''ആടുജീവിത''അനുഭവങ്ങള്‍ ആദ്യമായി ബെന്യാമിനോട് പങ്കുവച്ച സുഹൃത്ത് സുനില്‍ മാവേലിക്കര തന്നെയാണ് നജീബ് നാട്ടിലേക്ക് മടങ്ങുന്ന കാര്യവും ഫേസ്ബുക്കില്‍ പങ്കുവച്ചത്. നജീബ് പ്രവാസിയാകാനുള്ള സാഹചര്യവും ജീവിതാനുഭവങ്ങളും പോസ്റ്റിലുണ്ട്.
നജീബിന്റെ ഉമ്മ മരിക്കുമ്പോള്‍ ഇളയ സഹോദരിക്ക് ആറുമാസമായിരുന്നു പ്രായം. പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ തന്റെ സഹോദരിയെ വേണ്ടപോലെ പരിചരിക്കുമോ എന്ന ആശങ്കയില്‍ നജീബും സഹോദരനും സ്വന്തം കുടുംബത്തില്‍നിന്നുതന്നെ വിവാഹം കഴിച്ചു. ഒരു കുറവും വരുത്താതെ അവര്‍ നജീബിന്റെ സഹോദരിയെ നോക്കി. ഇതിനിടെയാണ് കുടുംബത്തെ പോറ്റാന്‍ നജീബ് പ്രവാസിയായത്.
സൗദി അറേബ്യയിലെ രണ്ടുവര്‍ഷത്തെ ദുരിതപൂര്‍ണമായ ജീവിതമാണ് ആടു ജീവിതത്തിന്റെ ഇതിവൃത്തം.
വൃത്തിഹീന സാഹചര്യത്തില്‍ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ച നജീബിന്റെ ദുരിത ജീവിത നാളുകള്‍ സുഹൃത്ത് സുനില്‍ മുഖേന എഴുത്തുകാരനായ ബെന്യാമിന് ലഭിച്ചതോടെ അതൊരു നോവലായി.
2000 ഫെബ്രുവരി 25നാണ് രണ്ടാം പ്രവാസ ജീവിതത്തിന് നജീബ് ബഹ്‌റൈനില്‍ എത്തിയത്.
നജീബ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം നടന്നിരുന്ന ഒരു സഹോദരന്‍ യാത്ര പറയുന്ന നൊമ്പരമാണുള്ളതെന്ന് സുനില്‍ പറയുന്നു. പഴയ ദുരിതങ്ങളൊക്കെ മറന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഈനാട് തുണയായി. ''ആടുജീവിത''ത്തിലെ നായകനായതോടെ ജീവിതത്തിലും ഏറെ മാറ്റങ്ങളുണ്ടായതായി നജീബ് പറയുന്നു. രണ്ട് ലോക കേരള സഭയില്‍ പങ്കെടുത്തു.
പോകാന്‍ കഴിയുമെന്ന് വിചാരിക്കാത്ത സ്ഥലങ്ങളിലൊക്കെ പോയി. നിരവധി വലിയ ആളുകളെ പരിചയപ്പെട്ടു. ഒട്ടേറെപ്പേര്‍ ഇപ്പോഴും വിളിച്ച് വിവരങ്ങള്‍ തിരക്കാറുണ്ട്. ബഹ്‌റൈനില്‍ എത്തിയതുമുതല്‍ സുനില്‍ മാവേലിക്കര കാണിച്ച കരുതലും സ്‌നേഹവും ഓര്‍മയില്‍ സൂക്ഷിച്ചാണ് മടങ്ങുന്നതെന്നും നജീബ് പറയുന്നു.
സഫിയയാണ് നജീബിന്റെ ഭാര്യ, ഒമാനില്‍ ജോലി ചെയ്യുന്ന സഫീര്‍, വിവാഹിതയായ സഫീന എന്നിവര്‍ മക്കള്‍. ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാനാഗ്രഹിച്ചാണ് നജീബ് പ്രവാസം മതിയാക്കി മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."