കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കമല്‍ ഹാസന്‍
ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു.
പ്രചാരണോദ്ഘാടനത്തിനു തൊട്ടുമുന്‍പായി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടത്. കൊവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ആര്‍ക്കു വേണ്ടിയാണ് ആയിരം കോടി രൂപ ചെലവിട്ട് പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്രയും വലിയ ധൂര്‍ത്തിന്റെ അര്‍ത്ഥമെന്താണ്? ചൈനീസ് വന്മതില്‍ നിര്‍മാണ സമയത്ത് അവിടെ ആയിരങ്ങള്‍ മരിച്ചുവീണിരുന്നു. ജനങ്ങളെ സംരക്ഷിക്കാനാണ് വന്മതില്‍ നിര്‍മിക്കുന്നതെന്നായിരുന്നു അവിടുത്തെ ഭരണാധികാരികള്‍ അന്ന് അതിനു പറഞ്ഞ ന്യായം. എന്നാല്‍ ഇന്ത്യയില്‍ ആരെ സംരക്ഷിക്കാനാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്? എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒരു മറുപടി തരുമോ- കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്താണ് ട്വീറ്റ്.
ഇന്നലെ മധുരയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നത്. മധുര, തേനി, ഡണ്ടിഗല്‍, വിരുതുനഗര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലാണ് ആദ്യഘട്ട പ്രചാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."