എസ്.ഐയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം: മാധ്യമങ്ങള്‍ക്കുനേരെ നേരത്തേയും ആക്രമണം
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അതിക്രമം കാട്ടിയതിന് സസ്പെന്‍ഷനിലായ എസ്.ഐ പി.എം.വിമോദിന്റേത് ക്രിമിനല്‍ പശ്ചാത്തലം. കൊല്ലത്ത് പുനലൂര്‍ സ്റ്റേഷനില്‍ പ്രൊബേഷന്‍ എസ്.ഐ ആയിരിക്കെ പ്രാദേശിക ചാനല്‍പ്രവര്‍ത്തകനെ അക്രമിച്ച സംഭവം വന്‍ വിവാദമായിരുന്നു. 2015 ജൂണിലാണ് സംഭവം നടന്നത്. പുനലൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിനടുത്ത് വാഹനാപകടം ഉണ്ടായപ്പോള്‍ പൊലിസ് എത്താന്‍ വൈകിയത് ചോദ്യംചെയ്തയാളെ എസ്.ഐ ജനങ്ങളുടെ മുന്നില്‍വച്ച് കൈകാര്യം ചെയ്യുകയായിരുന്നു.
ഇയാളുടെ ഉടുമുണ്ട് അഴിച്ചുകളയുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക ചാനല്പ്രവര്ത്തകരുടെ മുന്നില്‍വച്ചായിരുന്നു എസ്.ഐയുടെ മര്‍ദനം. ഇതു ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ അസഭ്യംപറഞ്ഞ് കൈയേറ്റം ചെയ്തത്. ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. ഔദ്യോഗികകൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും യൂനിഫോം നശിപ്പിച്ചെന്നും കൈയേറ്റം ചെയ്തെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍.
കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ ഇയാള്‍ നാട്ടുകാര്‍ക്കെതിരേ അതിക്രമം കാട്ടിയിരുന്നു. കോതി പാലത്തില്‍ വാഹനാപകടത്തെ തുടര്‍ന്നു സംഘര്‍ഷമുണ്ടായപ്പോള്‍ പ്രതിഷേധിച്ച നാട്ടുകാരെയാണ് ഇയാള്‍ അക്രമിച്ചത്. അന്യായ വാഹനപരിശോധന ചോദ്യംചെയ്തവരെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി.
കഴിഞ്ഞദിവസം കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തൊഴിലാളികളോടും ഇയാള്‍ മോശമായി പെരുമാറിയതായി പരാതിയുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ ഇയാള്‍ 2014 എസ്.ഐ ബാച്ചിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇയാള്‍ക്ക് എസ്.എച്ച്.ഒ ആയി സ്ഥാനക്കയറ്റം നല്‍കിയതിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. നിരവധിവര്ഷം സര്‍വിസിലുള്ളവരെ പരിഗണിക്കാതെയാണ് ചുരുങ്ങിയകാലത്തെ സര്‍വിസുള്ള ഇയാള്‍ക്ക് എസ്.എച്ച്.ഒ പദവി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."