റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിക്കു തുടക്കം
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി ആരംഭിക്കുന്ന പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചതായി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷത്തില്‍ 100 റിയാല്‍ നല്കി അംഗങ്ങളാകുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ പത്തു ലക്ഷം രൂപ സഹായധനമായി നല്‍കുന്നതാണ് പദ്ധതി.
വിസ റദ്ദാക്കി നാട്ടില്‍ പോയാലും നാട്ടില്‍നിന്നു കൊണ്ട് ഒരോ വര്‍ഷവും 2000 രൂപ മുടക്കി അംഗത്വം പുതുക്കാമെന്നതും ഈ പദ്ധതിയുടെ സവിശേഷതയാണ്. ജൂലൈ 15 മുതല്‍ ആഗസ്ത് 30 വരെ ഒന്നര മാസം നീണ്ടു നില്ക്കുന്ന ക്യാംപയിനിലൂടെ പതിനായിരം പേരെ പദ്ധതിയുടെ ഭാഗമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ പറഞ്ഞു. സെപ്തംബര്‍ ഒന്നു മുതലായിരിക്കും ആനുകൂല്യം പ്രാബല്യത്തില്‍ വരിക.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പദ്ധതിയുടെ മുഖ്യ രക്ഷാധികാരി. ഏഴ് അംഗ ഉപസമിതിയും ജില്ല പ്രസിഡന്റുമാര്‍ അംഗങ്ങളുമായ സമിതിയുമായിരിക്കും പദ്ധതി നിയന്ത്രിക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഐ.ടി.വിദഗ്ധരെ ഉള്‍പ്പെടുത്തി മറ്റൊരു സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ജലീല്‍ തിരൂര്‍, ഭാരവാഹികളായ മുജീബ് ഉപ്പട, കബീര്‍ വൈലത്തൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."