ആര്‍ട്‌സ് കോളജിലും എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടമെന്ന്: വിദ്യാര്‍ഥിനികളെ മാനസികമായി പീഡിപ്പിക്കുന്നതിന്റെ ഫോണ്‍ സന്ദേശങ്ങള്‍ പുറത്ത്, അന്വേഷിക്കുമെന്ന് എസ്.എഫ്.ഐ, ഇടപെടുമെന്ന് യുവജനകമ്മിഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും എസ്എഫ്‌ഐയുടെ വിദ്യാര്‍ഥി വിളയാട്ടമെന്ന് പരാതി. എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ഥികളോട് കയര്‍ക്കുന്നതിന്റേയും മാനസികമായി പീഡിപ്പിക്കുന്നതിന്റെയും ഫോണ്‍ സന്ദേശങ്ങള്‍ പുറത്തുവന്നു. ഇതു സംബന്ധിച്ച് അധ്യാപകരോട് പരാതിപ്പെട്ടാലും കാര്യമില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
വനിതാമതിലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികളെയാണ് ഭീഷണിപ്പെടുത്തുന്നത്.
യൂനിയന്‍ നേതാക്കള്‍ വിദ്യാര്‍ഥിനികളെ യൂനിയന്‍ ഓഫിസ് മുറിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
യൂനിവേഴ്‌സിറ്റി കോളേജിലെ ക്രൂരതകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് നഗരത്തിലെ എസ്എഫ്‌ഐയുടെ മറ്റൊരു പ്രധാന കേന്ദ്രമായ ആര്‍ട്‌സ് കോളേജിലെയും സ്ഥിതിയെന്നാണ് വ്യക്തമാകുന്നത്.
വനിതാമതില്‍ പ്രചാരണത്തില്‍ പങ്കെടുക്കാതിരുന്ന പെണ്‍കുട്ടികളെ നേതാക്കള്‍ ചോദ്യം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തരാകാതെ ആണ്‍കുട്ടികള്‍ പൊട്ടിത്തെറിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്ന സൂചനയും ശബ്ദരേഖയിലുണ്ട്.
ചോദ്യം ചെയ്യലിന് വിധേയരായ വിദ്യാര്‍ഥിനികള്‍ ഇപ്പോഴും കോളേജില്‍ പഠിക്കുന്നവരായതിനാല്‍ നേരിട്ട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. കോളജിലെ യൂനിയന്‍ ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
അതേ സമയം വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എസ്.എഫ്.ഐയും സംഭവത്തില്‍ ഇടപെടുമെന്ന് യുവജനകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."