ഇ.പി.എഫ്: തൊഴിലുടമകളുടെ വിഹിതം കുറയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടി(ഇ.പി.എഫ്)ലേക്കുള്ള തൊഴിലുടമകളുടെ വിഹിതം കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ. നിലവില്‍ 12 ശതമാനമാണ് വിഹിതം. ഇത് 10 ആയി കുറയ്ക്കാനാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക വേളയിലാണ് രാജ്യത്തെ നാലരക്കോടിയിലധികം വരുന്ന ഇ.പി.എഫ് ഉപയോക്താക്കള്‍ക്ക് ദ്രോഹകരമായി മാറുന്ന ശുപാര്‍ശ തൊഴില്‍ മന്ത്രാലയം മുന്നോട്ടുവച്ചത്. പദ്ധതിയെ തൊഴിലാളി യൂനിയനുകള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബി.എം.എസ് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി. തൊഴിലാളികളെ ദുരിതത്തിലാക്കി കോര്‍പറേറ്റുകളെ സഹായിക്കുകയാണ് മോദി സര്‍ക്കാരെന്ന് ബി.എം.എസ് കുറ്റപ്പെടുത്തി.
അതേസമയം, തൊഴിലുടമകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വലിയ സാമ്പത്തികനേട്ടമുണ്ടാക്കുന്ന ഈ ശുപാര്‍ശ ഇന്ന് പൂനെയില്‍ ചേരുന്ന ഇ.പി.എഫ് ട്രസ്റ്റി ബോര്‍ഡ് യോഗത്തിന്റെ അജന്‍ഡയിലുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിലവില്‍ തൊഴിലാളിയുടെ ശമ്പളത്തിന്റെ 12 ശതമാനം തുകയാണ് പി.എഫിലേക്ക് അടയ്ക്കുന്നത്. ഇതിന് തത്തുല്യമായ തുക തൊഴിലുടമയും അടയ്ക്കും. തൊഴിലുടമയുടെ വിഹിതത്തില്‍ 3.67 ശതമാനമാണ് പി.എഫിലേക്ക് പോകുന്നത്. ശേഷിക്കുന്ന 8.33 ശതമാനം തുക ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍നിന്നുമാണ്. തൊഴിലുടമകളുടെ വിഹിതം 10 ശതമാനമായി കുറയ്ക്കുന്നതോടെ പി.എഫിലേക്കും പെന്‍ഷന്‍ പദ്ധതിയിലേക്കും അടയ്ക്കുന്ന തുകയില്‍ ആനുപാതികമായ കുറവുണ്ടാകും.
ദേശീയ പെന്‍ഷന്‍ പദ്ധതി പോലുള്ള സാമൂഹിക സുരക്ഷാപദ്ധതികളുടെയെല്ലാം വിഹിതം 10 ശതമാനമാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 1952ലെ ഇ.പി.എഫ് നിയമപ്രകാരം തൊഴിലുടമകളുടെയും തൊഴിലാളിയുടെയും വിഹിതം കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ വിഹിതം 12 ശതമാനം വരെ ഉയര്‍ത്താനും സര്‍ക്കാരിനാകും. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ശുപാര്‍ശയോടെ മാത്രമേ ഇതിന് സാധിക്കൂ.
നിലവില്‍ ഈ സംഘടനയുടെ അധ്യക്ഷന്‍ തൊഴില്‍മന്ത്രി ബന്ധാരു ദത്താത്രേയയാണ്. അതിനാല്‍ സര്‍ക്കാരിന് ഇത് എളുപ്പത്തില്‍ നടപ്പാക്കാനാകും. കേന്ദ്ര സര്‍ക്കാര്‍ വേണ്ട പരിശോധന നടത്തി യോഗ്യമാണെന്നു കണ്ടെത്തിയ സ്ഥാപനങ്ങളിലെല്ലാം ഗസറ്റ് വിജ്ഞാപനത്തിലൂടെ 12 ശതമാനം വിഹിതം നിശ്ചയിക്കാമെന്നാണ് നിയമം. 20 പേരില്‍ കൂടുതല്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ 12 ശതമാനം വിഹിതം അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
ചെറുകിട വ്യാപാരങ്ങളും ചില സേവനസ്ഥാപനങ്ങളുമടക്കം അഞ്ച് മേഖലകളെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പി.എഫില്‍ 10 ശതമാനം വിഹിതം കുറയ്ക്കാനും അധികാരമുണ്ടെന്ന് തൊഴില്‍ മന്ത്രാലയം സൂചിപ്പിച്ചു. അര്‍ഹമായ എല്ലാ തൊഴിലാളികളെയും ഇ.പി.എഫിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് ദത്താത്രേയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."