ഗാന്ധിജയന്തി വാരാഘോഷം: ജില്ലാതല ഉദ്ഘാടനവും സെമിനാറും ഇന്ന്
കണ്ണൂര്‍: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഗാന്ധിജയന്തി ദിന സന്ദേശം നല്‍കും. മേയര്‍ ഇ.പി ലത, കവി മുരുകന്‍ കാട്ടാക്കട വിശിഷ്ടാതിഥികളാവും. നവകേരള നിര്‍മാണത്തിനായുള്ള സന്നദ്ധസേനാ രൂപീകരണത്തിന്റെ ഉദ്ഘാടനവും നടക്കും. ചടങ്ങില്‍ ജില്ലക്കകത്തും പുറത്തും പ്രളയ ദുരിതാശ്വാസ, ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കും.
രാവിലെ ഒന്‍പതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. 10ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മതനിരപേക്ഷ ഇന്ത്യ, ഗാന്ധിജിയുടെ സ്വപ്നം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മലയാള സര്‍വകലാശാല പൈതൃക ചരിത്ര പഠന വിഭാഗം മേധാവി ഡോ. കെ.എം ഭരതന്‍ പ്രഭാഷണം നടത്തും. ഗാന്ധിജിയുടെ ജീവിതത്തിലെ വിശേഷ സന്ദര്‍ഭങ്ങള്‍ അനാവരണം ചെയ്യുന്ന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."