പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ 'കൂളില്‍' ഇളവ്
വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ 'കൂള്‍' വഴി നടത്തുന്ന 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്‌സിന് ഇളവ് നല്‍കി ഉത്തരവ്.
2018 ഡിസംബര്‍ ഒന്നുവരെ നിയമനാംഗീകാരം ലഭിച്ചവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ബഹുഭൂരിപക്ഷം അധ്യാപകരും കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇളവ് അനുവദിച്ച് ഉത്തരവ് ഇറങ്ങിയത്.
2011 മാര്‍ച്ച് 22 ലെ ഉത്തരവ് പ്രകാരമാണ് പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ 45 മണിക്കൂറില്‍ കുറയാത്ത കംപ്യൂട്ടര്‍ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് ഇറങ്ങിയത്. 2018 ഡിസംബര്‍ ഒന്നിനാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അതോടെ 2011 മുതല്‍ സര്‍വീസില്‍ പ്രവേശിച്ച അധ്യാപകരുടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ തടസപ്പെടുന്ന നിലവന്നു.
ഇതിനിടയില്‍ ഏത് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന പ്രതിസന്ധി രൂപപ്പെട്ടതോടെ പരിശീലന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അയ്യായിരത്തോളം അധ്യാപകര്‍ കൈറ്റിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇതിനുതകുന്ന മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയാണ് കൂള്‍ വഴി പരിശീലനം നല്‍കിയത്. ആറാഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയപ്പോഴാണ് ഇപ്പോള്‍ ഇളവ് അനുവദിച്ച ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഉത്തരവ് ഇറങ്ങിയത് 2011 ലാണെങ്കിലും വ്യക്തത വരുത്തിയത് 2018 ഡിസംബറിലെ സര്‍ക്കുലറില്‍ ആയതിനാല്‍ അതിനുമുന്‍പേ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി നിരവധിപേര്‍ നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ അന്നൊന്നും അത് പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് അധ്യാപകര്‍ കൂള്‍ വഴി കംപ്യൂട്ടര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."