കാലവര്‍ഷം പടിവാതിക്കല്‍; ഹൈറേഞ്ചിലെ റോഡുകള്‍ക്ക് അറ്റകുറ്റപ്പണി അന്യം
രാജാക്കാട്: കാലവര്‍ഷം അടുത്തെത്തിയിട്ടും ഹൈറേഞ്ചിലെ റോഡുകള്‍ക്ക് അറ്റകുറ്റപ്പണികളും ടാറിങും നടത്താത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അപകടം പതിയിരിക്കുന്ന വഴികളിലേയ്ക്ക് കാട് വളര്‍ന്ന് കയറി മുന്നോട്ടുള്ള കാഴ്ച്ച മറയ്ക്കുന്നതും പാതയുടെ വശങ്ങള്‍ തകര്‍ന്ന് കാനകളായി മാറിയിരിക്കുന്നതും മൂലം മിക്ക റോഡുകളും കാന പാതകള്‍ക്ക് സമാനമാണ്.
പൂപ്പാറ - കുമളി സംസ്ഥാന പാത, രാജാക്കാട് - കുത്തുങ്കല്‍ - ചെമ്മണ്ണാര്‍, കുത്തുങ്കല്‍ - വട്ടക്കണ്ണിപ്പാറ - മൈലാടുംപാറ,രാജാക്കാട്എല്ലക്കല്‍, കുഞ്ചിത്തണ്ണി - ചിത്തിരപുരം അഞ്ചാം മൈല്‍, രാജാക്കാട് - മുല്ലക്കാനം - തേക്കിന്‍കാനം, കൊച്ചുപ്പ് - ജോസ്ഗിരി - ബൈസണ്‍വാലി, കൊച്ചുപ്പ്- കുരങ്ങുപാറ,രാജാക്കാട് - മാങ്ങാത്തൊട്ടി ചെമ്മണ്ണാര്‍, ആവണക്കുംചാല്‍ മാങ്ങാത്തൊട്ടി, ശാന്തന്‍പാറ സേനാപതി വട്ടപ്പാറ, മുരിക്കുംതൊട്ടിസേനാപതി, ശാന്തന്‍പാറ പേത്തൊട്ടി, ശാന്തന്‍പാറ പള്ളിക്കുന്ന് പുത്തടി, പഴയവിടുതി- മുക്കുടില്‍ -വെങ്കലപ്പാറ എന്നിവയാണ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്.
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും, മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ പാതയാണു പൂപ്പാറ - കുമളി. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിരിനു സമാന്തരമായി കടന്നു പോകുന്ന ഈ റോഡില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് തിരിയുന്ന നിരവധി റോഡുകളുണ്ട്. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ മിക്ക ഭാഗങ്ങളും ടാറിങ് തകര്‍ന്നിട്ട് രണ്ട് വര്‍ഷത്തിലേറെയായി. തോട്ടം മേഖലകളിലൂടെ കടന്നു പോകുന്നതിനാല്‍ വലുതും ചെറുതുമായ വൃക്ഷങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുകയാണ്. വശങ്ങളിലെ കാട് തെളിക്കാത്തതു മൂലം ഉള്ള വീതികൂടി നഷ്ടപ്പെട്ടിരിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലും റിഫ്‌ളക്ടറുകളും,ആവശ്യമായ ഇടങ്ങളില്‍ ക്രാഷ് ബാരിയറുകളും, മുന്നറിയിപ്പ് ബോര്‍ഡുകളുമൊക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാം കാട് കയറി മൂടി കിടക്കുകയാണ്. ഇതു മൂലം വളവുകളും കയറ്റിറക്കങ്ങളും മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയാതെ വരുന്നത് അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. ടൂറിസ്റ്റ് വാഹനങ്ങളാണു അധികവും അപകടത്തില്‍പ്പെടുന്നത്.
ബസ് സര്‍വിസ് ഇല്ലാത്ത മിക്ക പ്രദേശങ്ങളിലും സ്‌കൂള്‍ ബസ്സുകള്‍ കടന്നുചെല്ലുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ വഴികള്‍ തീര്‍ത്തും മോശമായതുമൂലം കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തോടെതന്നെ പല സ്‌കൂള്‍ വാഹനങ്ങളും ഓട്ടം മതിയാക്കിയിരിക്കുകയാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."