സഊദി സഖ്യത്തിനുള്ള ആയുധവില്‍പന നിര്‍ത്തിയാല്‍ യു.എസുമായി ചര്‍ച്ചയാകാം: ഇറാന്‍
ന്യൂയോര്‍ക്ക്: ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ നിര്‍ത്തിവച്ചാലേ അവരുമായി ചര്‍ച്ചക്കുള്ളൂവെന്ന യു.എസിന്റെ പ്രഖ്യാപനത്തിന് ശക്തമായ പ്രതികരണവുമായി ഇറാന്‍.
ഗള്‍ഫിലെ സഖ്യകക്ഷികള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിലൂടെ പശ്ചിമേഷ്യയെ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആരോപിച്ചു. സഊദിയും യു.എ.ഇയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയാലേ യു.എസുമായി ചര്‍ച്ചയ്ക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ ഉപരോധം പിന്‍വലിക്കുകയും 2015ലെ ആണവകരാറില്‍ യു.എസ് വീണ്ടും ചേരുകയും വേണം.
കഴിഞ്ഞവര്‍ഷം സൈനിക ആവശ്യങ്ങള്‍ക്കായി 82 ദശലക്ഷം ജനസംഖ്യയുള്ള ഇറാന്‍ ചെലവിട്ടത് 16 ബില്യന്‍ ഡോളറാണ്. എന്നാല്‍ 10 ലക്ഷം മാത്രം ജനസംഖ്യയുള്ള യു.എ.ഇ ഇതേ കാലയളവില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനായി ചെലവിട്ടത് 22 ബില്യനാണ്. സഊദി 67 ബില്യനും. ഇതില്‍ കൂടുതലും യു.എസില്‍ നിന്നാണ് വാങ്ങിയത്-ഇറാന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
മേഖലയിലെ സായുധസംഘങ്ങള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നതിനെ കുറിച്ച ചോദ്യത്തിന് യമനില്‍ ആരാണ് ബോംബിടുന്നത് എന്ന മറുചോദ്യമായിരുന്നു മറുപടി. ആരാണ് ബഹ്‌റൈനെ അധിനിവേശം ചെയ്യുന്നത്. മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയെ ജയില്‍പുള്ളിയാക്കിയതാരാണ്? ലിബിയയിലെയും സുദാനിലെയും ആഭ്യന്തരയുദ്ധങ്ങളില്‍ ഇറാന്‍ കക്ഷിയാണോ-അദ്ദേഹം ചോദിച്ചു.
യു.എസുമായി യുദ്ധം ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഉപരോധം എടുത്തുമാറ്റാതെ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."