ഇറാന്‍ ആണവകരാര്‍ ലംഘിച്ചത് ഗൗരവമുള്ള കാര്യമല്ലെന്ന് ഇ.യു
ലണ്ടന്‍: ഇറാന്‍ ആണവകരാര്‍ ലംഘിച്ചത് അത്ര ഗൗരവമുള്ള കാര്യമല്ലെന്ന് യൂറോപ്യന്‍ യൂനിയന്റെ വിദേശനയ മേധാവി ഫെഡറിക മൊഗെരിനി. നിലവിലെ നടപടികളെല്ലാം പൂര്‍ണമായും പിന്‍വലിച്ചു പഴയപടിയാക്കാന്‍ ഇറാനെ ഞങ്ങള്‍ ക്ഷണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സിറിയയ്ക്ക് എണ്ണ നല്‍കുന്നതും സമ്പുഷ്ട യുറേനിയം ഉല്‍പാദിപ്പിക്കുന്നതും അടക്കമുള്ള ഇറാന്റെ നീക്കങ്ങളെ കുറിച്ചാണ് മൊഗെരിനി വിശദീകരിച്ചത്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയോടുള്ള വിരോധം മൂലം തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് യു.എസ് ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയതെന്ന് ഈയിടെ രാജിവച്ച യു.എസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡാരക് വെളിപ്പെടുത്തിയിരുന്നു. ട്രംപിനെ തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ബ്രിട്ടന്‍ ശ്രമിച്ചിരുന്നു എന്നതും ഡാരകിന്റെ ചോര്‍ന്ന് ഇമെയിലിലുണ്ടായിരുന്നു.
വന്‍ശക്തിരാജ്യങ്ങളുമായി 2015ല്‍ ഉണ്ടാക്കിയ ആണവ കരാറാണ് ഇറാന്‍ ലംഘിച്ചത്. അമേരിക്കയാണ് ആദ്യം കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറിയത്. കാലങ്ങളായി ഇറാനെതിരേ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉപരോധം പിന്‍വലിച്ചുകൊണ്ടാണ് ആണവകരാര്‍ ഉണ്ടാക്കിയത്. സാങ്കേതികമായി സ്വീകരിച്ച എല്ലാ നടപടികളിലും തങ്ങള്‍ ഖേദിക്കുന്നുവെന്നും അത് തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മൊഗേരിനി പറഞ്ഞു. കരാറില്‍ ഒപ്പിട്ടവരാരും ഈ ലംഘനങ്ങള്‍ കാര്യമായി കാണുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ഉപരോധങ്ങളിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുമില്ലെന്നും ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ യോഗത്തിനു ശേഷം അവര്‍ പറഞ്ഞു.
റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്.
എന്നാല്‍ അമേരിക്കന്‍ ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കരാറില്‍ അവശേഷിക്കുന്ന കക്ഷികള്‍, പ്രത്യേകിച്ചും യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ കൂടുതല്‍ ഒന്നും ചെയ്യാത്തിടത്തോളം കാലം കരാറിലെ ചില വ്യവസ്ഥകള്‍ അവഗണിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ആണവ ഉടമ്പടി മരിച്ചിട്ടില്ലെന്നും രക്ഷപ്പെടുത്താന്‍ ഒരു ചെറിയ ജാലകം തുറന്നുകിടപ്പുണ്ടെന്നും ബ്രിട്ടന്‍ അഭിപ്രായപ്പെട്ടു. അമേരിക്ക തങ്ങളുടെ സഖ്യകക്ഷിയാണെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. ഉടമ്പടി സംരക്ഷിക്കാന്‍ യൂറോപ്പ് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഫ്രഞ്ച് വിദേശമന്ത്രി ഴാങ് യവ്‌സ് ലെ ദ്രിയാന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ തെറ്റായ തീരുമാനത്തോട് ഇറാന്‍ തെറ്റായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തങ്ങള്‍ പിടിച്ചുവച്ചിട്ടുള്ള ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനാണ് ഇറാന്‍ താല്‍പര്യപ്പെടുന്നതെന്നും അല്ലാതെ ആളിക്കത്തിക്കാനല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിക്കുകയുണ്ടായി.
മെയ് മാസത്തോടു കൂടി സമ്പുഷ്ട യുറേനിയത്തിന്റെ ഉല്‍പാദനം ഇറാന്‍ വര്‍ധിപ്പിച്ചിരുന്നു. ആണവ നിലയങ്ങള്‍ക്കുള്ള ഇന്ധനവും അണുബോംബുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയം ഉല്‍പാദനം വര്‍ധിപ്പിച്ചത് ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്‍വാങ്ങി ഉപരോധമേര്‍പ്പെടുത്തിയയ യു.എസിനുള്ള മറുപടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."