വഴിയാത്രക്കാരന്റെ അപകടമരണം: പ്രതിയെ പിടിച്ചു
കൊടുങ്ങല്ലൂര്‍: ജയിലില്‍ കഴിയുന്ന മകന്‍ അയച്ച അപേക്ഷയില്‍ വഴിയാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചാപ്പാറ സ്വദേശി എടത്തിപ്പറമ്പില്‍ മുരളീധരന്റെ (65) അപകട മരണത്തിന് കാരണമായ ഓട്ടോറിക്ഷ ഡ്രൈവര്‍ പുല്ലൂറ്റ് കോഴിക്കുളങ്ങര ആശേരിപ്പറമ്പില്‍ ശ്രീലാലി (36)നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
2017 ജൂണ്‍ 13ന് രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ അപകടം. കാല്‍നടയാത്രക്കാരനായ മുരളീധരനെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ മുരളീധരനെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയാറാകാതെ ഓട്ടോറിക്ഷ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഒരാഴ്ച്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മുരളീധരന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന മുരളീധരന്റെ മകന്‍ രാജേഷിന്റെ മൂന്ന് മക്കളുടെയും വൃദ്ധയായ ഭാര്യ തങ്ക (63)യുടെയും ഏക ആശ്രയമായിരുന്നു മുരളീധരന്‍.
ഇയാളുടെ മരണത്തോടെ കുടുംബം അനാഥമായി. കുട്ടികളുടെ പഠനമുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ തടസപ്പെട്ടു. വീട്ടുവാടക നല്‍കാന്‍ പോലും കഴിയാതെ കുടുംബം വലഞ്ഞു.
ഈ സമയത്താണ് ജയിലില്‍ നിന്നും മുരളീധരന്റെ മകന്‍ രാജേഷ് മനുഷ്യാവകാശ കമ്മിഷന് കത്തയച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് അനാഥമായ കുടുംബത്തിന്റെ അവസ്ഥ വിവരിച്ച കത്ത് പരിഗണിച്ച മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. റൂറല്‍ എസ്.പി പുഷ്‌ക്കരനു കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എം.പി മുഹമ്മദ് റാഫി, അജയന്‍, എ.എസ്.ഐ പി.സി സുനില്‍, സീനിയര്‍ സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായ സി.ആര്‍ പ്രദീപ്, പി.പി ജയകൃഷ്ണന്‍, സി.എ ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."