ആ വധശിക്ഷ തടഞ്ഞ് രാജ്യാന്തര കോടതി
ഹേഗ്: പാകിസ്താന് ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇന്ത്യക്ക് അനുകൂലമായി വിധി. രണ്ട് വര്‍ഷവും രണ്ടുമാസവും നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആശ്വാസ വിധി എത്തിയത്. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായി വിധി പറയുകയായിരുന്നു.
ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാക് കോടതി വധശിക്ഷ വിധിച്ചതെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. നയതന്ത്രതല സഹായം കുല്ഭൂഷണ് ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജാദവിന് നയതന്ത്ര പ്രതിനിധിയുമായി സംസാരിക്കാനുള്ള സൗകര്യം ലഭിച്ചില്ലെന്നും വിയന്ന ഉടമ്പടി പാകിസ്താന് ലംഘിച്ചതായും ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തി. വിചാരണയില്‍ അന്തിമ തീര്‍പ്പാകുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്നും കോടതി ഉത്തരവിട്ടു. കുല്ഭൂണിനെതിരായ കുറ്റവും പാക് കോടതി വിധിച്ച ശിക്ഷയും പുനപരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു.
ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്താന് സൈനിക കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം വിധി പുനപരിശോധിക്കാന്‍ പാകിസ്താന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."