സെന്‍സസ് ജോലിക്ക് കൈപ്പറ്റിയ അധിക ആനുകൂല്യം തിരിച്ചുപിടിക്കുന്നു
നാദാപുരം: സെന്‍സസ് ജോലി ചെയ്ത് അധികമായി ആനുകൂല്യം പറ്റിയ അധ്യാപകര്‍ പണം തിരിച്ചടക്കേണ്ടി വരും. ഇതിനുള്ള കണക്കെടുപ്പിനുള്ള നിര്‍ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പ് മേധാവികള്‍ക്ക് നല്‍കി. 2010ലെ കാനേഷുമാരി കണക്കെടുപ്പില്‍ ജോലി ചെയ്യുകയും 48 ദിവസത്തെ ആര്‍ജിത അവധിക്ക് തുല്യമായ ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരുടെ വിവരമാണ് ശേഖരിക്കുന്നത്. 48 ദിവസത്തെ ആര്‍ജിത അവധിയുടെ പകുതിയായ 24 ദിവസം കണക്കാക്കിയാണ് അന്ന് സെന്‍സസില്‍ ഏര്‍പ്പെട്ട അധ്യാപകര്‍ ഇതിനുള്ള വേതനം കൈപ്പറ്റിയിരുന്നത്. ആര്‍ജിത അവധി 16 ആയി കണക്കാക്കി അതിന്റെ പകുതിയായ എട്ടു ദിവസത്തെ ആനുകൂല്യത്തിന് മാത്രമേ അര്‍ഹതയുള്ളൂവെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റിയവരുടെ വിവരങ്ങള്‍ ഉപജില്ല, വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ശേഖരിച്ച് ഈ മാസം 25ന് സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിലായി രൂപീകരിച്ച പ്രത്യേക കലക്ഷന്‍ സെന്ററുകളില്‍ എത്തിക്കാനും അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
നേരത്തെ ആനുകൂല്യം തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും സര്‍വിസ് സംഘടനകളുടെ എതിര്‍പ്പുകാരണം താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഉത്തരവ് നടപ്പായാല്‍ സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ടതിന് അധികമായി കൈപ്പറ്റിയ 16,000 രൂപ മുതല്‍ 22,000 രൂപ വരെ അധ്യാപകര്‍ തിരിച്ചടക്കേണ്ടി വരും.വിവിധ ഹൈസ്‌കൂളുകളില്‍ എ.ജി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."