കസ്റ്റഡി മരണം; രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
രാജ്കുമാറിന്റെ നഴ്‌സിങ്ങിന് പഠിക്കുന്ന മകള്‍ ജെസ്സി, ബി.കോമിന് പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലുലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനാണ് തീരുമാനം. തുക കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാകും.
കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കും. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിക്ക് ഹൈക്കോടതിയില്‍ ലെയ്‌സണ്‍ ഓഫിസറെ നിയമിക്കാനും മന്ത്രിസഭാ യോ ഗം തീരുമാനിച്ചു. അഡ്വ. എ. വേലപ്പന്‍ നായരായിരിക്കും ലെയ്‌സണ്‍ ഓഫിസര്‍. പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുകയാണ് ഇദ്ദേഹത്തിന്റെ ചുമതല.
നിയമോപദേശത്തിനും സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പിനും മറ്റുമായി വന്‍ സംവിധാനം നിലവിലുള്ളപ്പോഴാണ് പുതിയ നിയമനം.
എയ്ഡഡ് മേഖലയിലെ എല്‍.പി, യു.പി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡ് നല്‍കാനും തീരുമാ നിച്ചിട്ടുണ്ട്. 15 വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കി ഹെഡ്മാസ്റ്റര്‍ സ്‌കെയില്‍ ലഭിച്ചതിനുശേഷം എട്ടു മുതല്‍ പത്ത് വര്‍ഷം വരെ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആദ്യ ഹയര്‍ഗ്രേഡ് അനുവദിക്കാനാണ് തീരുമാനം. എയ്ഡഡ് മേഖലയിലെ എല്‍.പി, യു.പി വിഭാഗങ്ങളില്‍പ്പെടുന്ന നിരവധിപേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡിലെ ഓഫിസര്‍ കാറ്റഗറിയിലെ 121 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണും മന്ത്രിസഭ അംഗീകരിച്ചു. ലാന്‍ഡ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ ഓഫിസുകളിലെ 768 താല്‍ക്കാലിക തസ്തികകള്‍ക്ക് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ രണ്ടുവര്‍ഷത്തേക്കുകൂടി തുടര്‍ച്ചാനുമതി നല്‍കും. പ്രവര്‍ത്തനം അവസാനിപ്പിച്ച ലാന്‍ഡ് ട്രൈബ്യൂണലുകളിലെ താല്‍ക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാന്‍ഡ് ട്രൈബ്യൂണുകളിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനമായി.
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ മിനറല്‍ സെപ്പറേഷന്‍ യൂനിറ്റിലെയും ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്‌മെന്റ് യൂനിറ്റിലെയും തൊഴിലാളികളുടെ ദീര്‍ഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."