കുറ്റവിചാരണാ നിഴലില്‍നിന്നു പടിയിറക്കം
ഇംപീച്ച്‌മെന്റിന്റെ പടിവാതില്‍ക്കലെത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് ദീപക്മിശ്ര. സീനിയറായ സഹജഡ്ജിമാരുടെ പരസ്യമായ ആരോപണത്തിനു വിധേയനായ ആദ്യത്തെ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. നിയമത്തിന്റെയും നടപടികളുടെയും 'പരുക്കേല്‍ക്കാതെ' പോകില്ലെന്ന് എല്ലാവരും ഉറപ്പിച്ച ന്യായാധിപന്‍. എന്നാല്‍, അതൊന്നുമില്ലാതെ അദ്ദേഹം ഇന്നലെ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സ്ഥാനത്തുനിന്നു വിടവാങ്ങി.
പതിമൂന്നു മാസത്തെ അദ്ദേഹത്തിന്റെ സേവനം സമ്മിശ്രവികാര, വിചാരങ്ങളാണു നീതിന്യായമണ്ഡലങ്ങളിലും പൊതുസമൂഹത്തിലും സൃഷ്ടിച്ചത്. താന്‍ ജനാധിപത്യമാര്‍ഗത്തിലൂടെ മാത്രമാണു ദൗത്യം നിര്‍വഹിച്ചതെന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം വിശ്വാസയോഗ്യമെന്ന് ഉള്‍ക്കൊള്ളാന്‍ പൊതുജനത്തിനാവില്ല. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയില്‍ വിള്ളല്‍വീഴ്ത്താന്‍ അദ്ദേഹത്തിന്റെ ചില നടപടികള്‍ കാരണമായി. 2017 ഓഗസ്റ്റ് 28ന് അദ്ദേഹം ചുമതലയേറ്റപ്പോള്‍ തന്നെ വിവാദങ്ങളും വിമര്‍ശനങ്ങളും അനുഗമിച്ചു.
സുപ്രിംകോടതിയുടെ ചരിത്രത്തിലാദ്യമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക്മിശ്രയുടെ തന്നിഷ്ട നടപടികള്‍ക്കെതിരേ കഴിഞ്ഞ ജനുവരിയില്‍ പത്രസമ്മേളനം നടത്തി. സുപ്രിംകോടതിയില്‍ ജനാധിപത്യം നഷ്ടപ്പെട്ടെന്നും കേസ് വീതിച്ചു നല്‍കുന്നതില്‍ മുതിര്‍ന്ന ജഡ്ജിമാരെ ചീഫ്ജസ്റ്റിസ് ഒഴിവാക്കുന്നുവെന്നുമായിരുന്നു അവരുടെ ആരോപണം.
നീതിയുടെ അവസാന അത്താണിയായി ജനം കാണുന്ന സുപ്രിംകോടതിയുടെയും വിശ്വാസ്യത നഷ്ടപ്പെടുകയാണോയെന്ന് ജനം ആശങ്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. തന്നോളം മുതിര്‍ന്ന ഇതര ജഡ്ജിമാരെ വിശ്വാസത്തിലെടുക്കാന്‍ മുതിരാതെ താന്‍ തന്നെയാണ് അധിപന്‍ എന്ന നിലയിലായിരുന്നു ആ സംഭവത്തിനുശേഷവും ദീപക്മിശ്രയുടെ പെരുമാറ്റം. സര്‍വാധിപത്യമനോഭാവമാണദ്ദേഹം പ്രകടിപ്പിച്ചത്.
ലഖ്‌നൗവിലെ പ്രസാദ് എജുക്കേഷന്‍ ട്രസ്റ്റ് അഴിമതിയില്‍ ദീപക്മിശ്രയ്ക്കുകൂടി പരോക്ഷബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കി കേസ് കേള്‍ക്കാനുള്ള ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് ദീപക്മിശ്ര അത്ഭുതകരമായി റദ്ദാക്കി. തന്റെ കീഴില്‍ത്തന്നെ കേസ് കേള്‍ക്കാനുള്ള വിധി പുറപ്പെടുവിച്ചു. ഈ വിധിയുടെയും മുതിര്‍ന്ന ജഡ്ജിമാരുടെ പത്രസമ്മേളനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടിസ് നല്‍കിയത്. എന്നാല്‍, ചീഫ് ജസ്റ്റിസിനെ വഴിവിട്ടു രക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ കൈക്കൊണ്ടത്. തനിക്ക് അധികാരമില്ലാതിരുന്നിട്ടും രാജ്യസഭാധ്യക്ഷനായ വെങ്കയ്യനായിഡു പ്രതിപക്ഷാവശ്യം തള്ളി.
കേസ് കേള്‍ക്കുന്നതിനു സുതാര്യമായ സംവിധാനം വേണമെന്ന മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യവും ദീപക്മിശ്ര പരിഗണിച്ചില്ല. ബി.ജെ.പി സര്‍ക്കാരിനെ പിടിച്ചുലക്കുമായിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയ വധക്കേസുള്‍പ്പെടെ പല പ്രധാന കേസുകളും താന്‍ അധ്യക്ഷനായ ബെഞ്ചു തന്നെ കേട്ടു. ലോയ വധക്കേസ് മറ്റൊരു കോടതിയും കേള്‍ക്കേണ്ടെന്നും വിധിച്ചു. ഷൈഖ് സൊറാബുദ്ദീനെയും ഭാര്യ കൗസര്‍ബീവിയെയും ഭീകരരെന്നാരോപിച്ചു ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്ന കേസില്‍ ബി.ജെ.പി അധ്യക്ഷനായ അമിത്ഷായ്ക്കു പങ്കുണ്ടെന്ന നിഗമനത്തില്‍ അദ്ദേഹത്തിന് സമന്‍സ് അയക്കാന്‍ ഉത്തരവു പുറപ്പെടുവിച്ച സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ പലവട്ടം ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞപ്പോള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനോ പ്രതിഷേധിക്കാനോ ദീപക്മിശ്ര തയാറായിരുന്നില്ല. ഇതിനെയൊക്കെ തുടര്‍ന്നാണു ചീഫ് ജസ്റ്റിസ് ബി.ജെ.പി സര്‍ക്കാരിനു വിധേയനാണെന്ന ആരോപണം ശക്തമായത്. ഇതു മറികടക്കാന്‍കൂടിയാകണം അടുത്തകാലത്ത് ഏതാനും ജനപ്രിയ വിധിപ്രസ്താവങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടാവുക. ഈ വിധി പ്രസ്താവങ്ങളില്‍ അദ്ദേഹം ചിലരുടെ കൈയടി നേടിയെങ്കിലും മറ്റു ചിലരുടെ അതൃപ്തിയും വിളിച്ചുവരുത്തി.
ഇതിനിടയില്‍, മുസ്‌ലിംകളെ വേദനിപ്പിക്കുന്ന വിധിയുമുണ്ടായി. മുസ്‌ലിംകള്‍ക്കു നിസ്‌കരിക്കാന്‍ പള്ളി അവിഭാജ്യഘടകമല്ലെന്ന സുപ്രിംകോടതിയുടെ 1994ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം പുനഃപരിശോധിക്കുവാന്‍ വിശാലമായ ഭരണഘടനാ ബെഞ്ചിനു വിടണമെന്ന സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം പരിഗണിക്കാതെ ചീഫ് ജസ്റ്റിസ് ഉള്‍ക്കൊള്ളുന്ന മൂന്നംഗ ബെഞ്ചുതന്നെ കേസ് കേള്‍ക്കുകയായിരുന്നു.
സംവാദത്തില്‍ പരാജയപ്പെടുന്നവന്റെ അവസാന ആയുധമാണ് ആരോപണമുന്നയിക്കലെന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം മുഖവിലക്കെടുക്കാനാവില്ല. സംവാദത്തിനുള്ള അവസരം അദ്ദേഹം തന്നിഷ്ടപ്രകാരമുള്ള നടപടികളിലൂടെ ഇല്ലാതാക്കുകയായിരുന്നു. ചരിത്രപരമെന്ന് അദ്ദേഹത്തിന്റെ അവസാനകാല വിധിന്യായങ്ങളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നീതിപുലര്‍ന്നുവെന്നു ജനതയ്ക്കു തോന്നുന്ന വിധി പ്രസ്താവങ്ങളൊന്നും അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല.
അതേസമയം, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരേയും സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസെടുക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും വേണമെന്ന അദ്ദേഹത്തിന്റെ വിധിപ്രസ്താവങ്ങള്‍ വിസ്മരിക്കുന്നില്ല. തന്റെ മുഖ്യ എതിരാളിയായ രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസാക്കാന്‍ ശുപാര്‍ശ നല്‍കിയതും അഭിനന്ദനീയം. ധരിക്കുന്നതും കഴിക്കുന്നതും ചോദ്യംചെയ്യപ്പെടുന്ന ഒരു കാലമാണിതെന്നു സ്ഥാനാരോഹണവേളയില്‍ വെട്ടിത്തുറന്നു പറഞ്ഞ പുതിയ ചീഫ് ജസ്റ്റിസിലാണ് ജനാധിപത്യ ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."