'നവോത്ഥാനം' കെട്ടഴിച്ചുവിടുന്ന കോടതിവിധികള്‍ക്കപ്പുറം
നീതിപീഠത്തില്‍ പലപ്പോഴും വിവാദപുരുഷനായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിനു പടിയിറങ്ങുന്നതിനു തൊട്ടുമുന്‍പും ചരിത്രം സൃഷ്ടിക്കുകയാണ്. 'നവോത്ഥാനം' കെട്ടഴിച്ചുവിടാന്‍ നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. വിരമിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസങ്ങളില്‍ അദ്ദേഹം നേതൃത്വം കൊടുത്ത ഭരണഘടനാ ബെഞ്ച് മാധ്യമങ്ങളുടെ ഭാഷയില്‍ 'ചരിത്രവിധികളാണ് 'പുറപ്പെടുവിച്ചത്. അവയാകട്ടെ, കശക്കിയെറിഞ്ഞതു തലമുറകളിലൂടെ നമ്മളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ട സദാചാര, ധാര്‍മിക, മത ചിന്തകളെയായിരുന്നു.
'വിപ്ലവകരമായ' മാറ്റങ്ങള്‍ക്കു വഴിവച്ചുകൊടുക്കുകയാണ് ഈ വിധികളുടെ ലക്ഷ്യമെന്നാണ് അവകാശപ്പെടുന്നത്. ഇതുവരെ പാശ്ചാത്യസംസ്്കാരത്തിന്റെ ജീര്‍ണമുദ്രകളായി അടയാളപെടുത്തപ്പെട്ട ജീവിതശീലങ്ങളെ ഇന്ത്യന്‍ സാമൂഹികപരിസരത്തേയ്ക്ക് ആനയിക്കാന്‍ പരമോന്നത നീതിപീഠം കടുത്ത ആവേശമാണു കാട്ടിയത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ് ഇതിനു ശ്രമിച്ചത്. നീതിപീഠത്തിന്റെ ഈ ആവേശം ആഗോളവത്കരണത്തിന്റെ ഭാഗമായ സാംസ്‌കാരികാധിനിവേശത്തിന്റെ പിന്നാമ്പുറ എഴുന്നെള്ളിപ്പാണെന്നു പറയാതിരിക്കാന്‍ വയ്യ.
130 കോടി വരുന്ന ഇന്ത്യന്‍ സമൂഹം ഞൊടിയിടകൊണ്ട് പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവുകയാണത്രേ. ഏതെങ്കിലും നവോത്ഥാന നായകന്‍ തുറന്നുവിട്ട ചിന്താവിപ്ലവത്തിന്റെ കരുത്തിലല്ല ആ മാറ്റം. നിയമനിര്‍മാണസഭയുടെ സുചിന്തിത പരിശ്രമങ്ങളുടെ ഫലമായിട്ടുമല്ല. ഭരണഘടനയെ നീട്ടിവലിച്ചു വ്യാഖ്യാനിച്ചു 'മാറുന്ന കാലത്തിനൊപ്പം' രാജ്യത്തെ പിടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ജുഡിഷ്യറി പരിധിവിട്ട ആവേശമാണു കാണിക്കുന്നത്. ഇത് എവിടെച്ചെന്നു കലാശിക്കുമെന്നു കൂട്ടായി ആലോചിക്കേണ്ടിയിരിക്കുന്നു.
നീതിന്യായക്രമത്തിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന സംഭവവികാസങ്ങള്‍ക്കു സാക്ഷിയായി ഒരു കാലസന്ധിയില്‍ മാറ്റങ്ങളുടെ കുത്തൊഴുക്കിന് അണിയറ പശ്ചാത്തലമൊരുക്കുന്ന വിധികള്‍ പ്രസ്താവിക്കുമ്പോള്‍ ന്യായാധിപന്റെ വ്യക്തിപ്രഭാവവും സത്യസന്ധതയും പരിശോധിക്കപ്പെടേണ്ടതുണ്ട്. അതു ജനാധിപത്യ സമൂഹത്തിന്റെ പ്രാഥമികബാധ്യതയാണ്. ഇപ്പറഞ്ഞ വിധികളില്‍ ഭൂരിഭാഗവും ഏകകണ്ഠമല്ല. ന്യൂനപക്ഷവിധികളിലൂടെ കൈമാറുന്ന സന്ദേശം ഗൗരവമാര്‍ന്ന സംവാദങ്ങള്‍ക്കു വഴിവയ്‌ക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമം 377ാം വകുപ്പു ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു സ്വവര്‍ഗരതിയെ കുറ്റമുക്തമാക്കിയ സെപ്റ്റംബര്‍ ആറിന്റെ വിധി പടിഞ്ഞാറിന്റെ പിഴച്ച ജീവിതക്കാഴ്ചപ്പാട് അതേപടി നമ്മുടെ രാജ്യത്തേയ്ക്കു പറിച്ചുനടാനുള്ള അവസരമായാണു കൊണ്ടാടപ്പെട്ടത്. 'രണ്ടാം സ്വാതന്ത്ര്യദിന'മായാണു മാധ്യമങ്ങള്‍ ആ വിധിയെ സ്വാഗതം ചെയ്തത്.
ദൈവപ്രോക്ത മതങ്ങളെല്ലാം വിലക്കുകയും അപലപിക്കുകയും ചെയ്ത കുറ്റകൃത്യത്തെ ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശത്തിന്റെയും പൗരസമത്വത്തിന്റെയും പേരില്‍ അഭിഷിക്തമാക്കിയ കോടതി നടപടി മതനേതൃത്വം മാത്രമല്ല, പ്രകൃതിസത്തയെ അംഗീകരിക്കുന്ന മുഴുവന്‍ മനുഷ്യരും ഗൗരവത്തോടെ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. നാഗരികസമൂഹം ഉയര്‍ത്തിപ്പിടിച്ച ധാര്‍മിക,സദാചാര വിചാരങ്ങളെ കടപുഴക്കിയെറിയാന്‍ കോടതിക്ക് ആര് അധികാരം നല്‍കിയെന്ന ചോദ്യത്തിന് ഉത്തരമില്ല.
സ്വവര്‍ഗാനുരാഗികളുടെ മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ കവാടം തുറന്നുവയ്ക്കുന്നതോടെ സമൂഹത്തില്‍ അരങ്ങുതകര്‍ക്കാന്‍ പോകുന്ന ലൈംഗികാരാജകത്വത്തിന്റെ മലവെള്ളപ്പാച്ചില്‍ നിയമത്തിനോ ഭരണാധികാരിക്കോ തടുത്തുനിര്‍ത്താനാവില്ലെന്നതിനു പടിഞ്ഞാറന്‍ സമൂഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പാഠമായുണ്ട്. ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശസംരക്ഷണമാണു നീതിപീഠം ഉയര്‍ത്തിപ്പിടിച്ചതേ്രത. എന്നാല്‍ മത, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ഉന്നതനീതിപീഠം എന്തേ ഈ ശുഷ്‌ക്കാന്തി പുറത്തെടുക്കുന്നില്ല
ഇണയെ തെരഞ്ഞെടുക്കാനുള്ള പൗരന്റെ കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചു വാചാലമായ ഇതേ കോടതിയാണു ഹാദിയയെന്ന പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ യുവതി തനിക്കിഷ്ടപ്പെട്ട ഇണയെ കണ്ടെത്തിയപ്പോള്‍ അതിനു പിന്നില്‍ ആഗോളഭീകരത പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ എന്‍.ഐ.എയെ ചുമതലപ്പെടുത്തിയതെന്നോര്‍ക്കുമ്പോള്‍ എങ്ങനെ ചിരിയടക്കാനാകും.
സാമൂഹികസദാചാരം അവഗണിച്ച്, ഇണയെ തെരഞ്ഞെടുക്കാന്‍ ന്യായാസനം വകവച്ചുകൊടുക്കുന്ന സ്വാതന്ത്ര്യം വിപുലപ്പെടുത്താന്‍ തുടങ്ങിയാല്‍ മകളോടൊപ്പം പിതാവിനും മകനോടൊപ്പം മാതാവിനും രതിക്രീഡയിലേര്‍പ്പെടാനുള്ള അവകാശംകൂടി അംഗീകരിച്ചുകൊടുക്കുന്ന മഹാദുരന്തത്തിലേയ്ക്കു സമൂഹം വലിച്ചെറിയപ്പെട്ടേക്കാം.
വിവാഹേതര ബന്ധവും
സ്ത്രീകളുടെ മലകയറ്റവും
വിവാഹേതരബന്ധം ക്രിമിനല്‍ക്കുറ്റമായി കാണുന്ന ഐ.പി.സി 497ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന സെപ്റ്റംബര്‍ 28ലെ വിധി നമ്മുടെ കുടുംബവ്യവസ്ഥയുടെ ആണിക്കല്ലിളക്കുന്നതാണ്. ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ലെന്നും സ്വയംനിര്‍ണയാവകാശമുള്ള വ്യക്തിയാണെന്നുമുള്ള അഞ്ചംഗബെഞ്ചിന്റെ തീര്‍പ്പിനോട് എല്ലാവരും യോജിക്കുന്നു. എന്നാല്‍, ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളിലും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലാത്തതുകൊണ്ടും നമ്മളും ആ പാത പിന്‍പറ്റണമെന്നു നീതിപീഠം ഉപദേശിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടും കുടുംബസംവിധാനവും മനഃപൂര്‍വം ചവിട്ടിമെതിച്ചാണ്.
പടിഞ്ഞാറിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം വിവാഹമെന്ന ഏര്‍പ്പാടു കാലഹരണപ്പെട്ടതാക്കുകയും കുടുംബമെന്ന സ്ഥാപനത്തിന്റെ അടിത്തറ തകര്‍ത്തെറിയുകയും ലൈംഗികാരാജകത്വമെന്ന ദുരന്തഗര്‍ത്തത്തിലേയ്ക്കു സമൂഹത്തെ വലിച്ചെറിയുകയും ചെയ്ത ഭീകരകാഴ്ചയ്ക്കു നാം സാക്ഷിയാകുമ്പോഴാണ് ആ സംസ്‌കാരം ഉദാത്തമാണെന്ന പിഴച്ച ധാരണയോടെ ന്യായാധിപന്മാര്‍ പുരോഗമനസുവിശേഷം വിളമ്പുന്നത്. ഇവിടെയും ഭരണഘടനയുടെ 14ാം അനുച്ഛേദം ആയുധമാക്കിയാണു സാമൂഹികസദാചാരബോധത്തെ കോടതി നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുന്നത്.
കോഴിക്കോട് സ്വദേശിനി ഷൈന്‍ ജോസഫ് നീതിപീഠത്തെ സമീപിച്ചതു തന്നെ വിവാഹേതരബന്ധത്തിന്റെ പേരിലുള്ള സ്ത്രീപുരുഷവിവേചനത്തെ ചോദ്യംചെയ്താണ്. വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടാല്‍ പുരുഷന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ സ്ത്രീ രക്ഷപ്പെടുന്ന സ്ഥിതിവിശേഷത്തിലെ വൈരുദ്ധ്യത്തിന് എന്തു ന്യായീകരണമാണ് ഉള്ളതെന്നാണ് അവര്‍ ചോദിച്ചത്. പക്ഷേ, ന്യായാസനം ഒരുപാടു മുന്നോട്ടു നടന്ന്, സദാചാരത്തെ നിയമത്തിനു പുറത്തുനിറുത്തി, ലൈംഗികാരാജകത്വത്തിനു വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ്.
വിവാഹബന്ധത്തിന് ഇതുവരെ ഇന്ത്യന്‍സമൂഹം കല്‍പ്പിച്ചുപോന്ന പവിത്രയും പ്രാധാന്യവും കാറ്റില്‍ പറത്തിക്കോളൂവെന്ന പരോക്ഷമായ ആഹ്വാനം കോടതിവിധിയിലുണ്ട്.
പത്രപ്രവര്‍ത്തന കുലപതി പരേതനായ കുല്‍ദീപ നയ്യാര്‍ പലപ്പോഴായി അയവിറക്കിയ ഒരു അനുഭവമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ നയ്യാര്‍ അവിടെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായിരുന്ന കാലത്ത് കാണുമ്പോഴെല്ലാം പറയുമായിരുന്നത്രെ, കെട്ടുറപ്പുള്ള നിങ്ങളുടെ കുടുംബജീവിതം കാണുമ്പോള്‍ അസൂയ തോന്നുന്നുവെന്ന്. കെട്ടുറപ്പല്ല, കെട്ടഴിച്ചിടലാണു പുരോഗമനമെന്നു കരുതുന്ന നിയമമനീഷികള്‍ നീതിന്യായസംവിധാനത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ 'പഴഞ്ചന്‍' സദാചാരസങ്കല്‍പ്പങ്ങള്‍ക്ക് എന്തുസ്ഥാനം.
പടിഞ്ഞാറന്‍ ലോകത്തെ ചാണിനു ചാണ്‍ പിന്തുടര്‍ന്നാലല്ലേ ഇന്ത്യ മറ്റൊരു വന്‍ശക്തിയായി കുതിക്കുകയുള്ളൂ! സാമൂഹികമാറ്റത്തിന്റെ ചാന്ദ്രയാന്‍ ദൗത്യം ഏറ്റെടുത്ത അപൂര്‍വനിയമജ്ഞനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വയം തെറ്റിദ്ധരിച്ചതായി തോന്നുന്നു. ഇടക്കാലത്തു വാരിക്കൂട്ടിയ ദുഷ്‌പ്പേരു മായ്ച്ചുകളയാന്‍ ഇതുകൊണ്ടൊന്നുമാവില്ല.
സ്വകാര്യത പൗരാവകാശത്തിന്റെ ആണിക്കല്ലാണെന്നു വിധി എഴുതിയതിന്റെ മഷിയാറുമുന്‍പ് ആധാര്‍പദ്ധതിക്കു ഭരണഘടനാസാധുത ചാര്‍ത്തിക്കൊടുത്ത ജുഡിഷല്‍ 'വിപ്ലവത്തിന് ' മറുപുറമുണ്ടെന്നു വിളിച്ചുപറയാന്‍ ഒരു ചന്ദ്രചൂഡുണ്ടായതു നമ്മുടെ ഭാഗ്യം. ആധാറില്ലാതെ ഈ രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥ സൃഷ്ടിക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതു മൗലികാവകശങ്ങളുടെ ലംഘനമാണെന്നും ഡി.വൈ ചന്ദ്രചൂഡ് ഉറക്കെപ്പറയുമ്പോഴും ന്യൂനപക്ഷവിധി എന്ന നിലയില്‍ രാജ്യത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ആ ശബ്ദത്തിന്റെ ഗൗരവം ഏശാതെ പോവുന്നു.
കോര്‍പറേറ്റ്, ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ശുഷ്‌ക്കാന്തി കാട്ടുന്ന ദീപക്മിശ്രയും സഹപ്രവര്‍ത്തകരും ജനാധിപത്യവിരുദ്ധനീക്കങ്ങളെപ്പോലും വെള്ളപൂശാന്‍ ശ്രമിക്കുമ്പോള്‍ ഇതു ജുഡിഷ്യല്‍ ആക്ടിവിസത്തിന്റെ ഇരുണ്ടകാലമാണെന്ന് അടയാളപ്പെടുത്തേണ്ടിവരുന്നു. ആക്ടിവിസം ഭരണഘടന വ്യാഖ്യാനിക്കുന്നതില്‍ എത്രകണ്ടു റൂബിക്കോണ്‍ നദി കടക്കുമെന്നു ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ പ്രവേശനം അനുവദിച്ച വിധിന്യായം സമര്‍ഥിക്കുന്നു.
മറ്റേതു ക്ഷേത്രത്തിലുമെന്നപോലെ ശബരിമലയിലും സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന തീര്‍പ്പിനപ്പുറം മതത്തെ വ്യാഖ്യാനിക്കുന്ന വിഷയത്തിലും ശുദ്ധാശുദ്ധ കാഴ്ചപ്പാടിനെ നിര്‍ധാരണം ചെയ്യുന്ന വിഷയത്തിലും ഉന്നതനീതിപീഠം കാണിച്ച അമിതാവേശം 'ആര്‍ഷഭാരത സംസ്‌കൃതി'യുമായി എങ്ങനെ ഒത്തുപോകുമെന്ന ചോദ്യത്തിനു മോദിയുടെ 'പുതിയ ഇന്ത്യയില്‍' പുതിയ സാമൂഹികകാഴ്ചപ്പാടല്ലേയെന്ന മറുപടിയായിരിക്കും ലഭിക്കുക.
സ്വവര്‍ഗാനുരാഗികളുടെ അവകാശം, ശബരിമലയിലെ സ്ത്രീപ്രവേശം എന്നീ വിഷയങ്ങളില്‍ ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന മോദി സര്‍ക്കാരിനു പ്രത്യേകിച്ചൊരു നിലപാടുണ്ടായിരുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യം ഇവര്‍ ഏതു ഹിന്ദുത്വത്തെയാണു പ്രതിനിധാനം ചെയ്യുന്നതെന്ന ചോദ്യമുയര്‍ത്തുന്നുണ്ട്. മതേതരസമൂഹത്തില്‍ വിശ്വാസപരമായ വിഷയങ്ങളിലും വൈകാരികസമസ്യകളിലും കോടതികള്‍ ഇടപെടാന്‍ പാടില്ലെന്നും മതത്തിലെ അനിവാര്യത എന്താണെന്നു തീരുമാനിക്കേണ്ടത് ആ മതത്തിലെ ആള്‍ക്കാരാണെന്നുമുള്ള ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ ഒറ്റപ്പെട്ട വിധി, ചരിത്രത്തില്‍ ഇടം നേടുന്നതു ശബരിമലയിലെ സ്ത്രീപ്രവേശത്തിന് അഞ്ചംഗ ബെഞ്ചിലെ ഏക വനിത അംഗം എതിര്‍ത്തുവെന്നതിലാണ്.
അവര്‍ പറഞ്ഞത് മുഴുവനും കഴമ്പുള്ളതാണ്. ആര്‍ത്തവമുള്ള സ്ത്രീ നമസ്‌കരിച്ചോട്ടെയെന്നു വിധി പറയാന്‍ ദീപക് മിശ്രയ്ക്ക് അധികാരമില്ല. ഏതവസ്ഥയിലും സ്ത്രീകള്‍ക്കു നോമ്പു നോല്‍ക്കാന്‍ ഭരണഘടനയുടെ 14, 21 ഖണ്ഡികള്‍ അവകാശം നല്‍കുന്നുണ്ടെന്നു പറയാന്‍ കോടതിക്ക് ആര് അധികാരം നല്‍കി എന്ന്ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."