സി.എം രവീന്ദ്രന്‍ ഇഡി ഓഫിസില്‍ ഹാജരായി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രവീന്ദ്രന്റെ ഹരജി ഇന്ന് ബൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഹാജരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നാലാമതും നോട്ടിസ് ലഭിച്ച ശേഷമാണ് അദ്ദേഹമിപ്പോള്‍ ഹാജരായിരിക്കുന്നത്.
ഈ മാസം പതിനേഴിന് ഹാജരാകാനാണ് അവസാനം നല്‍കിയ നോട്ടിസ്. മുന്‍പ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല. ആദ്യം നവംബര്‍ ആറിന് നോട്ടിസയച്ചപ്പോള്‍ കൊവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ മൂന്നാം വട്ടം നോട്ടിസയച്ചത്. അന്നും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി.
രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാനും ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങില്‍ ഇ.ഡി.പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സി.എം.രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് ഇ.ഡി. കത്തയക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രന്‍ പല പ്രാവശ്യം വിളിച്ചതായും ഇ.ഡി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."