ഭരണം നിലനിര്‍ത്തി യു.ഡി.എഫും എല്‍.ഡി.എഫും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫും കോര്പറേഷന് യു.ഡി.എഫും നിലനിര്‍ത്തി. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 24 സീറ്റില്‍ 16 ഇടത്ത് എല്‍.ഡി.എഫും ഏഴു സീറ്റുകള്‍ യു.ഡി.എഫും നേടി. എല്‍.ഡി.എഫില്‍ എത്തിയ കേരളാ കോണ്‍ഗ്രസ് എം ആലക്കോട് ഡിവിഷനിലും യു.ഡി.എഫ് പിന്തുണയോടെ പന്ന്യന്നൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തില്ലങ്കേരി ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഇവിടെ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. കഴിഞ്ഞതവണ ഒരു സീറ്റുണ്ടായിരുന്ന മുസ്ലിം ലീഗ് രണ്ടു സീറ്റായി ഉയര്‍ത്തി. എല്‍.ഡി.എഫില്‍ തിരിച്ചെത്തിയ ലോക് താന്ത്രിക് ജനതാദള്‍ ഒരുസീറ്റ് നിലനിര്‍ത്തി.
കോര്പറേഷന് മൃഗീയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് നിലനിര്‍ത്തിയത്. യു.ഡി.എഫ് 34 സീറ്റ് നേടിയപ്പോള്‍ എല്‍.ഡി.എഫിനു 19 സീറ്റേ ലഭിച്ചുള്ളൂ. എട്ടു നഗരസഭകളില്‍ നാലെണ്ണത്തില്‍ എല്‍.ഡി.എഫും മൂന്നെണ്ണത്തില്‍ യു.ഡി.എഫും ഭരണം നിലനിര്‍ത്തി. എല്‍.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന ഇരിട്ടി നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പതില്‍ എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചു. ഇരിട്ടിയില്‍ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തപ്പോള്‍ ഇരിക്കൂറില്‍ ഏഴുവീതം സീറ്റുകള്‍ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. 71 ഗ്രാമപഞ്ചായത്തുകളില്‍ 56 എല്‍.ഡി.എഫും 15 യു.ഡി.എഫും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."