നിയമ ഭൂമികയിലെ ദിനോസര്‍
#സി.കെ ഫൈസല്‍ പുത്തനഴി
ആധുനികകാലത്തെ പുരോഗമനതീവ്രതയുള്ള ചിന്തകന്മാരിലൊരാളാണു തോമസ് പെയ്ന്‍ (1736 -1809). അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാപകപിതാക്കളില്‍ ഒരാളായ അദ്ദേഹം അമേരിക്കന്‍ വിപ്ലവത്തിനും ഫ്രഞ്ച് വിപ്ലവത്തിനും സൈദ്ധാന്തികമായ ഇന്ധനം പകര്‍ന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ 'കോമണ്‍ സെന്‍സ് 'എന്ന കൃതിയെപ്പറ്റി അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ജോണ്‍ ആഡംസ് പറഞ്ഞത് 'കോമണ്‍സെന്‍സിന്റെ രചയിതാവിന്റെ തൂലികയില്ലായിരുന്നെങ്കില്‍ ജോര്‍ജ് വാഷിങ്ടന്റെ വാള്‍ നിഷ്ഫലമാകുമായിരുന്നു'വെന്നാണ്.
യാഥാസ്ഥിതികചിന്തകനായ എഡ്മണ്ട് ബര്‍ക്കിന്റെ ഫ്രഞ്ച്‌വിപ്ലവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളെ ഖണ്ഡിച്ച് എഴുതിയ ലേഖനങ്ങളുടെ പേരില്‍ തോമസ് പെയ്ന്‍ ബ്രിട്ടനില്‍ രാജ്യദ്രോഹപരമായ അപകീര്‍ത്തിക്ക് (സെഡിഷന്‍) കുറ്റം ചുമത്തപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്. 'രാജഭരണത്തിന്റെ ചതികളും പിഴകളും തുറന്നുകാണിക്കുന്നതും രാഷ്ട്രീയാന്ധവിശ്വാസത്തിന്റെ ശൃംഖലകളെ തകര്‍ത്തെറിയുന്നതും തരംതാഴ്ത്തപ്പെട്ട മനുഷ്യനെ അവനര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുന്നതും അപകീര്‍ത്തികരമെങ്കില്‍ എന്റെ ശവക്കല്ലറയില്‍ 'അപകീര്‍ത്തിക്കാരന്‍' എന്ന് അവര്‍ എഴുതിക്കോട്ടെ' എന്നായിരുന്നു ആ വാക്കുകള്‍.
ബ്രിട്ടനിലെ അന്നത്തെ ഭരണവര്‍ഗത്തിന് പെയ്‌നിന്റെ വാക്കുകള്‍ രാജ്യദ്രോഹപരമായിരുന്നു. ഇന്നു തോമസ് പെയ്‌നിനെ മഹാനായ ചിന്തകനും വിപ്ലവകാരിയുമായി ലിബറല്‍ ലോകം ആദരിക്കുന്നു. ഇന്നത്തെ രാജ്യദ്രോഹി നാളത്തെ മഹാനായ വിപ്ലവകാരിയാണെന്നതാണു ചരിത്രത്തിന്റെ പാഠം!
ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയോടും ലിബറല്‍ ഭരണഘടനയോടും പൊരുത്തപ്പെടാത്ത ഒന്നാണു രാജ്യദ്രോഹം (സെഡിഷന്‍) എന്ന കുറ്റം. ഈ കാലത്തിന് അനുരൂപമല്ലാത്ത ഈ നിയമത്തിന്റെ ഏറ്റവും പുതിയ ഇരയാണു തമിഴ്‌നാട്ടിലെ എം.ഡി.എം.കെ നേതാവ് വൈക്കോ. 2009ല്‍ എല്‍.ടി.ടി.ഇയെ അനുകൂലിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ചെന്നൈയിലെ പ്രത്യേകകോടതി വൈക്കോയ്ക്ക് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. 'ഐ അക്യൂസ് ' എന്ന തന്റെ കൃതിയുടെ പ്രകാശനവേളയില്‍, ശ്രീലങ്കയിലെ തമിഴ്‌വംശഹത്യയെ ഇന്ത്യാ ഗവണ്മെന്റ് പിന്താങ്ങിയെന്നും ഒരു സ്വതന്ത്ര തമിഴ് ഈഴത്തിനു വേണ്ടി തമിഴ് യുവത്വം പോരാടണമെന്നും വൈക്കോ ആവശ്യപ്പെട്ടതായിരുന്നു ഹേതു.
രാജ്യദ്രോഹമെന്ന കുറ്റം ജനാധിപത്യത്തിന്റെ ജീവവായുവായ സ്വതന്ത്രസംവാദത്തെ എങ്ങനെ ചോര്‍ത്തിക്കളയുന്നുവെന്നതിന് ഉദാഹരണമാണു വൈക്കോയുടെ മേല്‍ അടിച്ചേല്‍പ്പിച്ച ശിക്ഷ. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും ഏറെ വിവാദമായിരുന്നല്ലോ.
കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യന്‍ജനതയുടെ സ്വാതന്ത്ര്യവാഞ്ഛയെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്ഭരണകൂടം അടിച്ചേല്‍പ്പിച്ച നിയമമാണു സെഡിഷന്‍. 1834ല്‍ മെക്കാളെ പ്രഭുവിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഒന്നാം നിയമക്കമ്മിഷനാണ് ഈ നിയമത്തിനു രൂപം നല്‍കിയത്. അക്കാലത്ത് ഇംഗ്ലണ്ടില്‍ നിലനിന്ന നിയമമനുസരിച്ചു സെഡിഷന്‍ ലഘുവായ കുറ്റം (മിസ്‌ഡെമീനോര്‍) മാത്രമായിരുന്നു. പരമാവധി രണ്ടു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന, ജാമ്യം ലഭിക്കുന്ന കുറ്റം. ശിക്ഷ ലഭിക്കണമെങ്കില്‍ ജൂറി ഐകകണ്‌ഠ്യേന കുറ്റക്കാരനാണെന്നു വിധിക്കുകയും വേണമായിരുന്നു.
1832നു ശേഷം പ്രായോഗികതലത്തില്‍ സെഡിഷന്‍ ഇംഗ്ലണ്ടില്‍ സുപ്തമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ പീനല്‍ കോഡില്‍ രാജ്യദ്രോഹം ജീവപര്യന്തം നാടുകടത്തല്‍ ലഭിക്കാവുന്ന, ജാമ്യം ലഭിക്കാത്ത കുറ്റമാക്കി മാറ്റി. ജൂറിയുടെ ഏകാഭിപ്രായമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഇംഗ്ലണ്ടിലെ നിയമത്തില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ പീനല്‍ കോഡിന്റെ കരടില്‍ പരിമിതമായ നിര്‍വചനമാണ് രാജ്യദ്രോഹത്തിനു നല്‍കിയത്. ഭരണകൂടത്തിനെതിരേ കലാപത്തിനു പ്രേരിപ്പിക്കുന്ന വാചകങ്ങള്‍ മാത്രമാണ് ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നത്.
1837ല്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ കരട് തയ്യാറാക്കിയെങ്കിലും 1860ലാണ് ഇതു നിലവില്‍വന്നത്. അപ്പോഴും പീനല്‍കോഡില്‍ രാജ്യദ്രോഹം എന്ന വകുപ്പു ചേര്‍ത്തിരുന്നില്ല. 1870ല്‍ വൈസ്രോയിയുടെ കൗണ്‍സിലില്‍ ലോ മെമ്പര്‍ ആയിരുന്ന സര്‍ ജെയിംസ് സ്റ്റീഫനാണ് ഈ വകുപ്പ് ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ രാജ്യദ്രോഹനിയമം യുക്തിസഹമായി നടപ്പിലാക്കപ്പെടുമെന്ന പ്രതീക്ഷ സര്‍ ജെയിംസ് സ്റ്റീഫന്‍ പ്രകടിപ്പിക്കുകയുണ്ടായി.
എന്നാല്‍, ഈ പ്രതീക്ഷ അസ്ഥാനത്തായി എന്നതിനു ചരിത്രം സാക്ഷി. ബ്രിട്ടീഷുകാര്‍ക്കെതിരേ ജിഹാദിനു ശ്രമിച്ച വഹാബി പ്രസ്ഥാനത്തെ നേരിടാനാണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ സെഡിഷന്‍ (ഐ.പി.സി.124 എ) ഉള്‍പ്പെടുത്തിയത്. ആദ്യമായി ഈ വകുപ്പു ചുമത്തപ്പെട്ടത്, ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തുന്ന എയ്ജ് ഓഫ് കണ്‍സെന്റ് ബില്ലിനെതിരേ പ്രതികരിച്ച ബാംഗോബസി എന്ന പത്രത്തിനെതിരേയായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ പ്രശസ്തമായ രാജ്യദ്രോഹക്കേസ് ബാലഗംഗാധര തിലകിനെതിരേയുള്ളതാണ്. അദ്ദേഹത്തിന്റെ 'കേസരി' പത്രത്തില്‍ പ്രസിദ്ധീകരിച്ച 'ശിവജിസ് അറ്റെറന്‌സസ് ' എന്ന ലേഖനത്തിന്റെ പേരിലാണു കേസെടുത്തത്. ഈ കേസില്‍ ബോംബെ ഹൈക്കോടതി ജഡ്ജി ആര്‍തര്‍ സ്ട്രാച്ചി, സെഡിഷനു വിശാലമായ അര്‍ഥം നല്‍കി ജൂറിക്കു നല്‍കിയ ചാര്‍ജ് ഏറെ വിവാദമായിരുന്നു.
'ഭരണകൂടത്തോടുള്ള സ്‌നേഹമില്ലായ്മ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന'യെന്ന വിശാലമായ അര്‍ഥമാണു സ്ട്രാച്ചി രാജ്യദ്രോഹത്തിനു നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ വിധിക്കാന്‍ 'അക്രമത്തിനുള്ള പ്രേരണ'യെന്ന ഘടകം നിര്‍ബന്ധമില്ലെന്നും സ്ട്രാച്ചി പ്രസ്താവിച്ചു. 'കേസരി' പോലുള്ള ഇന്ത്യന്‍ ഭാഷാപത്രങ്ങളുടെ വായനക്കാര്‍ ബുദ്ധികുറഞ്ഞവരും അക്കാരണത്താല്‍ പെട്ടെന്നു ഭരണകൂടത്തിനെതിരേ തിരിയുന്നവരുമാണെന്നും സ്ട്രാച്ചി നിരീക്ഷിച്ചു. ഭൂരിപക്ഷത്തില്‍ ജൂറി തിലകനെ കുറ്റക്കാരനായി വിധിച്ചു (6 യൂറോപ്യന്മാരും 3 ഇന്ത്യക്കാരുമാണു ജൂറിയിലുണ്ടായിരുന്നത്.) പ്രിവികൗണ്‍സില്‍ സ്ട്രാച്ചിയുടെ നിരീക്ഷണം ശരിവച്ചു.
പ്രത്തോട്, ജാമിഉല്‍ഉലാം തുടങ്ങിയ പത്രങ്ങളെയും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ ശബ്ദിച്ചുവെന്ന കാരണത്താല്‍ രാജ്യദ്രോഹത്തിനു ശിക്ഷിച്ചിരുന്നു. മെക്കാളെയുടെ സങ്കല്‍പ്പത്തിലുള്ള രാജ്യദ്രോഹത്തില്‍ കലാപത്തിനോ അക്രമത്തിനോ പ്രേരണ നല്‍കിയാല്‍ മാത്രമേ കുറ്റമാവുകയുള്ളൂ. ബാലഗംഗാധര തിലകന്റെ കേസില്‍ ഈ ഘടകം ഒഴിവാക്കപ്പെട്ടു. ഈ വിധികള്‍ക്ക് അനുസൃതമായി 1898 ല്‍ ഐ.പി.സി 124 എ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. ഇതോടെ രാജ്യദ്രോഹത്തിനു വിശാലമായ നിര്‍വചനം കൈവന്നു. ഭരണകൂടത്തിനെതിരേ വെറുപ്പോ പുച്ഛമോ കൂറില്ലായ്മയോ ശത്രുതയോ സൃഷ്ടിക്കുന്ന ഏതു പ്രസ്താവനയും അതിന്റെ പരിധിയില്‍ വന്നു.
1922 ല്‍ ഗാന്ധിജിയെ സെഡിഷനു പ്രോസിക്യൂട്ട് ചെയ്തപ്പോള്‍ അദ്ദേഹം നടത്തിയ പ്രസ്താവന ഇന്നും പ്രസക്തമാണ്: ''ഇന്നത്തെ ഭരണസംവിധാനത്തിനെതിരേ നീരസം പ്രചരിപ്പിക്കുന്നത് എനിക്ക് അഭിനിവേശമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ജനതയുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ രാഷ്ട്രീയവകുപ്പുകളുടെ രാജകുമാരനാണു രാജ്യദ്രോഹം. സ്‌നേഹം നിയമം വഴി സൃഷ്ടിക്കാനോ നിയന്ത്രിക്കാനോ സാധ്യമല്ല. ഇന്ത്യയിലെ ഏറെ സ്‌നേഹിക്കപ്പെട്ട ദേശാഭിമാനികളെല്ലാം ഈ വകുപ്പിനാല്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ രാജ്യദ്രോഹത്തിനു കുറ്റാരോപിതനായതില്‍ എനിക്ക് അഭിമാനമുണ്ട്.''
ഇന്ത്യയിലെ രാജ്യദ്രോഹക്കുറ്റത്തിനു പുതിയ പരിപ്രേക്ഷ്യം നല്‍കിയ കേസാണു നിഹരേന്ദു ദത്ത് മജൂംദാര്‍ ഃ കിംഗ് എമ്പറര്‍ (1942). 1941 ല്‍ ധാക്കയിലുണ്ടായ വര്‍ഗീയ കലാപം തടയുന്നതില്‍ ബ്രിട്ടീഷ് ഭരണകൂടം അക്ഷന്തവ്യമായ വീഴ്ചവരുത്തിയെന്നു ബംഗാള്‍ നിയമസഭാംഗമായിരുന്ന നിഹരേന്ദു ദത്ത് മജൂംദാര്‍ ആരോപിച്ചു. ഇതിനു കല്‍ക്കട്ട ഹൈക്കോടതി അദ്ദേഹത്തെ രാജ്യദ്രോഹത്തിനു ശിക്ഷിച്ചു.
ഇതിനെതിരേ സമര്‍പ്പിച്ച അപ്പീലില്‍ അന്നത്തെ ഫെഡറല്‍ കോടതി ചീഫ് ജസ്റ്റിസ് മൗറിസ് ഗവ്യേര്‍, രാജ്യദ്രോഹത്തിനു ശിക്ഷിക്കണമെങ്കില്‍,'അക്രമത്തിനുള്ള പ്രത്യക്ഷപ്രേരണ'യെന്ന ഘടകം അനിവാര്യമാണെന്നു വിധിച്ചു. നിലവിലുള്ള ഭരണവ്യവസ്ഥയെ വിമര്‍ശിക്കുന്നതോ അതിനെ മാറ്റണമെന്നു വാദിക്കുന്നതോ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നു ഗവ്യേര്‍ നിരീക്ഷിക്കുകയും നിഹരേന്ദു ദത്ത് മജൂംദാറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം സുപ്രിംകോടതി മൗറിസ് ഗവ്യേറിന്റെ വിധിയാണു സ്വീകരിച്ചത്. ഇംഗ്ലണ്ടില്‍ 2009 ല്‍ രാജ്യദ്രോഹക്കുറ്റം റദ്ദുചെയ്യപ്പെട്ടു. അമേരിക്കയില്‍ 1921ല്‍ത്തന്നെ കാലഹരണപ്പെട്ടു. എങ്കിലും ഇന്ത്യയില്‍ അതിപ്പോഴും പരമാവധി ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന, ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ബ്രിട്ടീഷ് കാലത്ത് ഈ കുറ്റത്തിനു മജിസ്‌ട്രേറ്റിന്റെ വാറണ്ടില്ലാതെ പൊലിസിന് അറസ്റ്റ് ചെയ്യാനുള്ള അധികാരമില്ലായിരുന്നു. സ്വതന്ത്ര്യ ഇന്ത്യയില്‍ 1974ല്‍ ആ അധികാരം കൂടി നല്‍കി. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തേക്കാള്‍ അപകടകാരിയായ നിയമമായി രാജ്യദ്രോഹം സ്വതന്ത്ര ഇന്ത്യയില്‍ മാറി.
2018 ഓഗസ്റ്റ് 30 നു ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ കണ്‍സള്‍റ്റേഷന്‍ പേപ്പര്‍, ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് (രാജ്യദ്രോഹം) എടുത്തുകളയണമെന്നു ശുപാര്‍ശചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു കൈയാമംവയ്ക്കുന്ന ഈ നിയമത്തിനു സാംഗത്യമില്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. 'ജനാധിപത്യത്തില്‍ ഒരേ പാട്ടുപുസ്തകത്തില്‍ നിന്ന് ഒരേ ഗാനം എല്ലാവരും ആലപിക്കുന്നതല്ല ദേശഭക്തി'യെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നു ഭരണഘടനാനിബദ്ധമായ ജനാധിപത്യത്തിലേയ്ക്കുള്ള യുഗപരിവര്‍ത്തനത്തെ അതിജീവിച്ചു നിലനില്‍ക്കുന്ന ദിനോസറാണു സെഡിഷന്‍ അഥവാ രാജ്യദ്രോഹക്കുറ്റം. ഈ ഭീകരസ്വത്വം ഇന്ത്യന്‍ നിയമ ഭൂമികയില്‍ ഒളിഞ്ഞും തെളിഞ്ഞും വിഹരിക്കുന്നിടത്തോളം ജനാധിപത്യവും അതിന്റെ അന്തരാത്മാവായ ആവിഷ്‌കാരസ്വാതന്ത്ര്യവും അപകടാവസ്ഥയിലായിരിക്കും. ഈ ദിനോസറിനെ സ്വാഭാവിക വംശനാശത്തിനു വിട്ടുകൊടുക്കുകയെന്നതാണ് ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."