വാര്‍ഷിക പദ്ധതി രൂപീകരണത്തിലെ അനിശ്ചിതത്വം; ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ അവതാളത്തിലാവും
മലപ്പുറം: വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ജില്ലാ പഞ്ചായത്തിനു തിരിച്ചടിയാവും. 2016-2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കുന്നത് ഇന്ന് അവസാനിക്കാനിരിക്കെയാണു സര്‍ക്കാര്‍ നിര്‍ദേശം തിരിച്ചടിയാകുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതികളൊന്നും ഇതുവരെ അംഗീകരിപ്പിക്കാനായില്ല.
പദ്ധതി രൂപീകരണം സംബന്ധിച്ചു ഗ്രാമ പഞ്ചായത്തു ഭരണ സംവിധാനത്തിനു മാത്രം ബാധകമാവുന്ന വിഷയങ്ങള്‍ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റി - കോര്‍പ്പറേഷനുകള്‍ക്കുമെല്ലാം ഒരു പോലെ ബാധകമാക്കിയിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുതന്നെ തദ്ദേശ സ്വയം ഭരണ വകുപ്പ് 2016-2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതു പ്രകാരം ചര്‍ച്ചകള്‍ നടത്തി തീരുമാനങ്ങളുമെടുത്ത് വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന സമയത്താണു മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പുതിക്കിയ നിര്‍ദേശങ്ങള്‍ സംസ്ഥാന തല കോഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയത്.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന തരത്തില്‍ പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കു ജനറല്‍ പ്ലാന്റ് ഫണ്ട് വിനിയോഗിക്കണമെന്നാണു നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ - ജീവ കാരുണ്യ മേഖലകളില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ പദ്ധതികളും ജനറല്‍ പ്ലാന്റ് ഫണ്ട് വഴി നടപ്പിലാക്കാനായിരുന്നു തീരുമാനം.
സ്‌കൂളുകളുടെ ഭൗതിക സൗകര്യം വര്‍ധിപ്പിക്കല്‍, ഫര്‍ണിച്ചര്‍ നല്‍കല്‍, കമ്പ്യൂട്ടര്‍, ലബോറട്ടറി ഉപകരണങ്ങള്‍ നല്‍കല്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തല്‍ തുടങ്ങിയവക്കു വേണ്ടി 3.5 കോടി രൂപയുടെ പദ്ധതികളാണു ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിരുന്നത്. വൃക്ക രോഗികള്‍ക്കു മരുന്നിനും ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുമായി 1.5 കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിരുന്നു. പാവപ്പെട്ടവര്‍ക്കു വീട് നിര്‍മിക്കുന്നതിനു വേണ്ടി 10 കോടി രൂപയും ജില്ലാ ആശുപത്രികളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി മൂന്നു കോടി രൂപയും വകയിരുത്തിയിരുന്നു. ഈ പദ്ധതികളെല്ലാം ഉപേക്ഷിച്ചാല്‍ മാത്രമെ പുതിയ നിര്‍ദേശ പ്രകാരമുള്ള പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കുവാന്‍ കഴിയൂ.
പുതിയ നിര്‍ദ്ദേശങ്ങള്‍ക്കും ജനറല്‍ പ്ലാന്റ് ഫണ്ട് തന്നെ വേണം വിനിയോഗിക്കുവാന്‍ എന്നതാണ് ഇതിനു കാരണം. ജനറല്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 10% വനിതാ ഘടക പദ്ധതിക്കു മാത്രം (5.68 കോടി) മാറ്റി വെക്കണം. അഞ്ചു% വൃദ്ധര്‍, ശിശുക്കള്‍, അംഗ പരിമിതര്‍ എന്നിവര്‍ക്കായുള്ള പദ്ധതിക്ക് (2.34 കോടി) വകയിരുത്തണം. ഇതിനെല്ലാം പുറമെ പുതിയ നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ 15 കോടി രൂപ വേണം. ഇതു കണ്ടെത്താന്‍ വേണ്ടിയാണു മേല്‍ സൂചിപ്പിച്ച മാതൃകാ പദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റുമാര്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും ഉത്തരവുകള്‍ തിരുത്തുകയോ പദ്ധതി അംഗീകാര തിയതി നീട്ടി നല്‍കുകയോ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."