കുട്ടികളുടെ വ്യാജ ശവസംസ്‌കാരം നടത്തുന്ന നാട്; പിന്നീട് ഒളിപ്പിച്ചു വയ്ക്കും- എന്തിനാണ് മ്യാന്മറില്‍ ഇങ്ങനെ
കുന്തിരിക്കം കത്തിച്ചതിന്റെ മണം മാറിയിട്ടില്ല. പൂക്കള്‍ വാടിത്തുടങ്ങുന്നു. പുതുതായി ശവം സംസ്‌കരിച്ചയിടമെന്ന് വ്യക്തം. ആക് ഷിയുടെ ആ കുഴിമാടം നോക്കിയിരുപ്പാണ് മുതിര്‍ന്ന സഹോദരി.
'ഇതെന്തൊരു അജ്ഞാതമാണ്. ഞാന്‍ മരിച്ചിട്ടൊന്നുമില്ല'- ആക് ഷി അപ്പുറത്ത് ബഹളം വയ്ക്കുന്നുണ്ട്.
അതെ, ആക് ഷി അവന്റെ രക്ഷിതാക്കള്‍ ഒരുക്കിയ വ്യാജ ശവസംസ്‌കാരത്തില്‍ 'മരിച്ചിരി'ക്കുന്നു. ഇന്നവന് 18 വയസാണ്.
അവനെ കുടുംബ പട്ടികയില്‍ നിന്ന് വെട്ടാനാണ് ഇങ്ങനെയൊരു ഉപായം കണ്ടത്. ഇല്ലെങ്കില്‍ അവന് കിഴക്കന്‍- മധ്യ മേഖലയായ ഷാന്‍ സ്റ്റേറ്റിന്റെ സൈനിക റിക്രൂട്ട്‌മെന്റിന് പോകേണ്ടിവരും. അത് തടയാന്‍ രക്ഷിതാക്കള്‍ കണ്ട മാര്‍ഗമാണിത്.
പേരു വെട്ടിയാല്‍ മാത്രം പോര, സൈനികരില്‍ നിന്ന് മറഞ്ഞുനില്‍ക്കുക കൂടി വേണം. അല്ലെങ്കില്‍ പട്രോളിങിന് വരുമ്പോള്‍ പിടികൂടും. അങ്ങനെ 'മരിച്ചു' കഴിഞ്ഞാല്‍ പിന്നെ ഒളിവുജീവിതമാണ്.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് മ്യാന്മറില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ അരങ്ങേറുന്നത്. അതിനു വേണ്ടി കോപ്പുകൂട്ടാനാണ് മ്യാന്മര്‍ ആര്‍മിയിലേക്കും മറ്റു സ്റ്റേറ്റ് ആര്‍മികളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
ചെറുപ്പക്കാരെയാണ് സൈന്യം ലക്ഷ്യംവയ്ക്കുന്നതെങ്കിലും കുട്ടികളെയും പലപ്പോഴും കൂട്ടിക്കൊണ്ടു പോവുന്നു. മ്യാന്മര്‍ സൈന്യത്തില്‍ കുട്ടിപ്പടയെ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് 2003 ലാണ്. യു.എന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
കുട്ടികളെയും മറ്റുള്ളവരെയും നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ക്കുന്നതിനെ തടയുന്നതിനു വേണ്ടി മ്യാന്മര്‍ സൈന്യവും മറ്റു സംഘടനകളും തമ്മില്‍ 2015 ല്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നെങ്കിലും ഇപ്പോഴും അതു തുടരുന്നുണ്ട്. അത് കടലാസില്‍ തന്നെ ഒതുങ്ങിയെന്ന് ചുരുക്കം.
യൂനിസെഫിന്റെ ഇടപെടലിനെത്തുടര്‍ന്ന് 2012 നു ശേഷം 924 കുട്ടികളെയാണ് മ്യാന്മര്‍ സൈന്യത്തില്‍ നിന്ന് മോചിപ്പിച്ചത്. ഓദ്യോഗിക സേനയില്‍ ശുദ്ധികലശം നടത്തിയെങ്കിലും, അനൗദ്യോഗിക സായുധ സംഘങ്ങള്‍ കുട്ടികളെ ഇപ്പോഴും റിക്രൂട്ട് ചെയ്യുന്നുണ്ട്.
കുട്ടികളെ വിട്ടുകൊടുക്കാന്‍ ക്രൂര പീഡനങ്ങളാണ് നടക്കുന്നതെന്നാണ് യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ കുടുംബം നേരിടും. മക്കളെ ഒളിപ്പിച്ചിരിക്കുകയാണെന്നറിഞ്ഞാല്‍ കൊടിയ പീഡനമായിരിക്കും. അവരെ പിടികൂടി, അതുപോലെ എത്ര പേരെ സമീപത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന് ചോദ്യംചെയ്യും.
ചൈനയിലേക്ക് അയക്കുകയാണ് സൈന്യത്തില്‍ നിന്ന് ആണ്‍മക്കളെ രക്ഷിക്കാനുള്ള മറ്റൊരു വഴി. പ്രാഥമിക പഠനം കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ മക്കളെ ചൈനയിലേക്ക് വിടും. ഇങ്ങനെ നിരവധി പേരാണ് മ്യാന്മറില്‍ നിന്ന് ചൈനയിലെത്തിയത്.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."