കേരളത്തിന്റെ നെല്ലറകള്‍
കുട്ടനാടിനും പാലക്കാടിനുമാണ് കേരളത്തിന്റെ നെല്ലറ എന്ന വിശേഷണം നന്നായി ചേരുക.ഈ പ്രദേശങ്ങളിലെ ഫലപുഷ്ടിയുള്ള മണ്ണ് നെല്‍കൃഷിക്ക് അനുയോജ്യമാണ്. കേരളത്തില്‍ കൂടുതലായും നെല്‍ക്കൃഷി നടത്തുന്നത് ഈപ്രദേശങ്ങളിലാണ്.
പഴഞ്ചരും ആധുനികരും
പ്രാചീന കാലത്ത് നെല്‍കൃഷിക്കു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന പല ഉപകരണങ്ങളും ഇന്ന് രംഗമൊഴിഞ്ഞിട്ടുണ്ട്. പാടം ഉഴുതു മറിക്കാനുപയോഗിക്കുന്ന കലപ്പയും കാളയുമെല്ലാം ഇന്ന് അപൂര്‍വകാഴ്ചകളാണ്. നെല്‍ക്കൃഷിക്ക് നിലമൊരുക്കാനായി ഉപയോഗപ്പെടുത്തുന്ന കട്ടതല്ലിയും മുട്ടിയും ഇന്നില്ല. ഇതിനെല്ലാം പകരക്കാരനായാണ് ട്രാക്റ്റര്‍ വന്നത്. ഞാറു നടാന്‍ ഉപയോഗിക്കുന്ന പാഡി ട്രാന്‍സ് പ്ലാന്റര്‍, നെല്‍ച്ചെടികള്‍ക്കിടയിലെ കള നീക്കം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്ന കോണോവീഡര്‍, പാഡി വീഡര്‍ എന്നിവയും ഇന്നു രംഗത്തുണ്ട്. പഴയ കാലങ്ങളില്‍ തൊഴിലാളികളാണ് നെല്ല് കൊയ്തിരുന്നെങ്കില്‍ ഇന്ന് പാഡി ഹാര്‍വെസ്റ്റര്‍ എന്ന യന്ത്രം രംഗത്തുണ്ട്. കൊയ്ത്തും മെതിയും പാറ്റലുമെല്ലാം ഒന്നിച്ച് നടത്തുന്ന കംബൈന്‍ഡ് ഹാര്‍വെസ്റ്റര്‍ ഇന്ന് കൊയ്ത്തുകാലത്തെ നിത്യകാഴ്ചയാണ്.
സൂപ്പര്‍ നെല്ലും സൂപ്പര്‍ ഫാസ്റ്റ് നെല്ലും
ഓരോ കതിരിലും ഇരുന്നൂറ്റമ്പതോളം നെന്മണികള്‍ കിളിര്‍ക്കുന്ന നെല്ലിനങ്ങളാണ് സൂപ്പര്‍ നെല്ലുകള്‍. പേരുപോലെ വളരെ വേഗത്തില്‍ വളരുന്ന നെല്ലിനമാണ് സൂപ്പര്‍ ഫാസ്റ്റ് നെല്ല്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഇവയ്ക്കാകും.ബാസില്ലസ് തുറിഞ്ചീയെന്‍സിസ് ബാക്ടീരിയ അടങ്ങിയ ബി.ടി നെല്ലിനങ്ങള്‍ക്ക് കീടങ്ങളെ ചെറുക്കാനുള്ള ആര്‍ജ്ജിത ശക്തിയുണ്ട്. സ്വര്‍ണനിറത്തിലുള്ള അരി നല്‍കുന്ന നെല്ലിനമാണ് സുവര്‍ണ്ണ നെല്ല്. വൈറ്റമിന്‍ എ ഈ നെല്ലിനത്തില്‍ ധാരാളമടങ്ങിയിട്ടുണ്ട്.
സുഗന്ധ നെല്ലിനങ്ങള്‍
ഔഷധ ഗുണമുള്ള നെല്ലിനങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. അതുപോലെ സുഗന്ധമുള്ള നെല്ലിനങ്ങളും ഇന്നു വ്യാപകമായി കൃഷി ചെയ്തു വരുന്നുണ്ട്. ബസ്മതി,ഗന്ധകശാല,ജീരകശാല,കയമ,നെയ്ച്ചീര തുടങ്ങിയ വിവിധ നെല്ലിനങ്ങളാണ് നമ്മുടെ നാട്ടില്‍ മുഖ്യമായും കൃഷി ചെയ്തു വരുന്നത്. ചന്ദനത്തിന്റെ മണമുള്ള അരിയാണ് ഗന്ധകശാല. ജീരകശാല തണുത്ത കാലാവസ്ഥയുള്ള വയനാട്ടിലാണ് നന്നായി വളരുക. പാലക്കാടന്‍ പ്രദേശത്തു രണ്ടാം വിളയായി കൃഷി ചെയ്യുന്ന നെല്ലിനമാണ് നെയ്ച്ചീര. മകരകൃഷിക്കാണ് ഇവ അനുയോജ്യം. ഇന്ന് ബസ്മതി നെല്ല് കൃഷി ചെയ്യാനുള്ള പേറ്റന്റ് അമേരിക്കന്‍ കമ്പനിയായ റൈസ് ടെകിനാണുള്ളത്. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
നെല്‍വിത്തുകളിലെ ശ്രദ്ധേയര്‍
ഭൂപ്രകൃതിക്കനുസരിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ നെല്‍വിത്തുകള്‍ കൃഷിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. വയനാടന്‍ ഹൈറേഞ്ചിലെ കൃഷിക്ക് അനുയോജ്യമായ വിത്താണ് ആതിര, ജയതി, ദീപ്തി എന്നിവ. എറണാകുളം ജില്ലയിലെ പൊക്കാളികൃഷിക്ക് അനുയോജ്യമായ വിത്തിനമാണ് വൈറ്റില ഇനങ്ങള്‍. കോഴിക്കോട് ജില്ലയിലെ കരിങ്കൊറ കൃഷിക്ക് അനുയോജ്യമായ വിത്താണ് നിള. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കരനെല്‍കൃഷിയായ മോടന് അനുയോജ്യമായ വിത്തിനങ്ങളാണ് ഐശ്വര്യയും സ്വര്‍ണപ്രഭയും. ആലപ്പുഴ ഭാഗങ്ങളിലെ കരിനിലങ്ങള്‍ക്ക് അനുയോജ്യമായ വിത്തിനങ്ങളാണ് കരിഷ്മയും കൃഷ്ണാഞ്ജനയും. പൊന്നാനിയിലെ ഉപ്പുരസമുള്ള കോള്‍നിലങ്ങളിലെ നെല്‍കൃഷിക്ക് അനുയോജ്യമായ വിത്തിനമാണ് രശ്മി.തൃശ്ശൂര്‍ ജില്ലയിലെ കോള്‍ പടവുകളില്‍ അനുയോജ്യമായ നെല്‍വിത്തിനമാണ് അഹല്യ,ജ്യോതി,മട്ടത്രിവേണി,വര്‍ഷ,ഉമ,ഭദ്ര എന്നിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."