എടവണ്ണ ടൗണ്‍ സൗന്ദര്യവല്‍ക്കരണവും സബ് റജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനോദ്ഘാടനവും നടത്തി
എടവണ്ണ: കാലത്തിനനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പും റജിസ്ട്രേഷന് വകുപ്പും പ്രവര്‍ത്തിക്കുന്നതെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന്. പുതിയ കാലത്തിന് പുതിയ സേവനം എന്നതാണ് റജിസ്ട്രാര്‍ ഓഫിസിന്റെ മുദ്രാവാക്യം, പുതിയ കാലത്തിന് പുതിയ നിര്‍മാണം എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.എടവണ്ണ ടൗണ്‍ സൗന്ദര്യവല്‍ക്കരണവും സബ് റജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി.
സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇ പേയ്മെന്റ്, ഇ സ്റ്റാംപിങ് സംവിധാനം നടപ്പാക്കുക വഴി അഴിമതി തടയാന്‍ സാധിച്ചു. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനം മെച്ചപ്പെടുത്താനും സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നടത്താന്‍ പ്രതിപക്ഷ എം.എല്‍.എ ആയിട്ടുകൂടി മുന്‍കൈയെടുത്ത പി.കെ ബഷീറിനെ അദ്ദേഹം ചടങ്ങില്‍ അഭിനന്ദിച്ചു.
എടവണ്ണ സ്വദേശിയായ ചെറുപള്ളിക്കല്‍ അബ്ദുല്‍ സലാമിന് സബ് റജിസ്ട്രാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ ആധാരം മന്ത്രി ഉദ്ഘാടന ചടങ്ങില്‍ കൈമാറി.
രജിസ്ട്രേഷന് വകുപ്പ് ജോയന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.കെ സാജന് കുമാര്‍, കെ.എസ്.ടി.പി കുറ്റിപ്പുറം ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് അഷ്റഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മാഈല്‍ മൂത്തേടം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, രജിസ്ട്രേഷന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."