'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പണം വകമാറ്റിയത് നിയമവിരുദ്ധം'
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ വകമാറ്റിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് എന്നത് ഒരു ട്രസ്റ്റിയാണെന്നും നിയമപരമായി സ്വത്ത് സംരക്ഷിക്കേണ്ട ബാധ്യത ബോര്‍ഡിനുണ്ടെന്നും കോടതി വ്യക്തമാക്കി.
ദേവസ്വം സ്വത്തുവകകള്‍ ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം.ആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പണം സര്‍ക്കാര്‍ ചെലവിലേക്ക് ഉപയോഗിച്ചിട്ടില്ലെന്നും മനുഷ്യനിര്‍മിതമല്ലാത്ത ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടിയാണ് ഉപയോഗിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ദേവസ്വം ഫണ്ട് മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാല വിധി ഫുള്‍ ബെഞ്ച് അസാധുവാക്കി. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് രണ്ടു ഘട്ടങ്ങളിലായി നല്‍കിയ പണം ദേവസ്വത്തിനു തിരിച്ചു നല്‍കണമെന്നും ഫുള്‍ ബെഞ്ച് വിധിച്ചു.
ദേവസ്വം നിയമപ്രകാരം ഭക്തര്‍ സമര്‍പ്പിക്കുന്ന പണം ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് മുന്‍പ് ഇക്കാര്യത്തില്‍ വിധി പ്രസ്താവിച്ചിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി.
ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്. ഹരജികള്‍ തീര്‍പ്പാക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കായി തിരികെ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."