നഴ്‌സിങ് കൗണ്‍സിലില്‍ വന്‍ തട്ടിപ്പ്; മാനദണ്ഡങ്ങള്‍ പാലിക്കാത്ത നഴ്‌സിങ് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അഫിലിയേഷന്‍
തിരുവനന്തപുരം: സംസ്ഥാന നഴ്‌സിങ് കൗണ്‍സിലില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത നഴ്‌സിങ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും ഗ്രാന്റും നല്‍കിയതില്‍ തുടങ്ങി സാധനങ്ങള്‍ വാങ്ങുന്നതിലും സിറ്റിങ് ഫീസ് നല്‍കുന്നതിലുമടക്കം ക്രമക്കേടുകള്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തി. കേന്ദ്ര ഗ്രാന്റ് ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ പോലും നല്‍കാന്‍ കൗണ്‍സിലിന് കഴിഞ്ഞില്ല. 2014 മുതല്‍ 2019 വരെയുള്ള കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണ് ഓഡിറ്റിന് വിധേയമാക്കിയത്.
ബജറ്റ് യഥാര്‍ഥ വരവുചെലവുമായി പൊരുത്തപ്പെടുന്നില്ല. സ്ഥിര നിക്ഷേപ പലിശ 2015-16 മുതല്‍ 2018-19 വരെ 5 കോടിയില്‍ താഴെയാണെങ്കിലും 2017-18 മുതല്‍ ആറു കോടി രൂപ വരവായി ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇത് എങ്ങനെ സംഭവിച്ചുവെന്നതിന് കൃത്യമായ മറുപടിയും കൗണ്‍സിലിന് ഇല്ല. 2008-09 കാലയളവില്‍ കൗണ്‍സിലിന് കേന്ദ്രത്തില്‍നിന്ന് ഒരു കോടി രൂപ ലഭിച്ചു. ഈതുക എങ്ങനെ ചെലവാക്കിയെന്നതിന്റെ കണക്കുകളും ഇല്ല.
തെരഞ്ഞെടുപ്പു ചെലവുകള്‍ക്കായി കൗണ്‍സിലിന് ധനപരമായോ ഭരണപരമായോ നിയന്ത്രണമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 1.9 കോടി രൂപ കൈമാറി. സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ കക്ഷി ചേര്‍ന്ന് തുക ചെലവഴിച്ചു. കൗണ്‍സിലിന്റെ അംഗീകൃത സ്റ്റാഫ് പാറ്റേണ്‍ 14 ആയിരിക്കെ അത് 34 ആക്കി. അനുമതി പോലും വാങ്ങാതെ നടത്തിയ നിയമനങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
ചട്ടപ്രകാരമല്ലാതെ രജിസ്ട്രാര്‍ക്ക് സിറ്റിങ് ഫീസ് അനുവദിച്ചത് വഴി 1,41,750 രൂപ നഷ്ടമുണ്ടാക്കി. 2017,18 കാലയളവില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ രജിസ്ട്രാര്‍ വിമാനയാത്ര നടത്തിയെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത നഴ്‌സിങ് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അഫിലിയേഷന്‍ നല്‍കി. ജെ.പി.എച്ച്.എന്‍ പരിശീലന കേന്ദ്രങ്ങളില്‍ എ.എന്‍.എം കോഴ്‌സിനായി അംഗീകരിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം 25 ആയിരിക്കെ 45 പേരെ പ്രവേശിപ്പിച്ചു.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ഇന്ധന രജിസ്റ്റര്‍, മെയിന്റനന്‍സ് രജിസ്റ്റര്‍ എന്നിവ പരിപാലിക്കുന്നില്ല. കൗണ്‍സിലിലെ കംപ്യൂട്ടര്‍ അറ്റകുറ്റപ്പണിക്ക് വാര്‍ഷിക പരിപാലന ഉടമ്പടി നിലവിലുള്ളപ്പോള്‍ മറ്റൊരു സ്ഥാപനത്തിന് മെയിന്റനന്‍സ് ജോലി നല്‍കി. ടി.വി വാങ്ങിയപ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് കവര്‍ പ്രിന്റിങ്ങിന് ടെണ്ടര്‍ ക്ഷണിക്കാതെ ക്വട്ടേഷന്‍ നല്‍കി തുടങ്ങിയ ഗുരുതര വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."