നാളികേരത്തിന്റെ വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കണം
തിരുവനന്തപുരം: കേരഫെഡില്‍ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക വിപണന സഹകരണ സംഘങ്ങള്‍ വഴിയുള്ള പച്ചത്തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എഫ്.എ.ക്യു നിലവാരത്തിലുള്ള കൊപ്ര ഉണ്ടാക്കുന്നതിന് അനുയോജ്യമായ നാളികേരമായിരിക്കണം കര്‍ഷകരില്‍ നിന്ന് സംഭരിക്കേണ്ടത്.
ഗുണനിലവാരത്തിലുണ്ടായേക്കാവുന്ന നഷ്ടം സംസ്‌കരണ ഏജന്‍സികള്‍ സ്വന്തംനിലയ്ക്ക് വഹിക്കണം. സംഭരിക്കുന്ന നാളികേരം എഫ്.എ.ക്യു നിലവാരത്തിലുള്ള കൊപ്രയാക്കി പരമാവധി 30 ദിവസത്തിനകം കേരഫെഡ് ഫാക്ടറികളില്‍ എത്തിക്കണം. സംഭരിക്കുന്ന നാളികേരത്തിന്റെയും കൊപ്രയുടെയും അതാത് ദിവസത്തെ വിലയും സ്റ്റോക്കും അന്നേദിവസം വൈകിട്ട് 4ന് മുന്‍പായി കേരഫെഡിന്റെ മേഖലാ ഓഫിസുകളില്‍ സംഘങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കണം. ഈ സന്ദേശത്തിന്റെ പകര്‍പ്പ് ജില്ലാ കൃഷി ഓഫിസര്‍മാര്‍ക്കും നല്‍കണം.
സംഭരിക്കുന്ന നാളികേരത്തിന്റെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കേണ്ടതാണ്. ഇതിനായി പേയ്‌മെന്റ് രജിസ്റ്ററുകള്‍ സൂക്ഷിക്കണം. തെങ്ങ് കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി, തെങ്ങുകളുടെ എണ്ണം, വാര്‍ഷിക ഉല്‍പാദനം എന്നിവ സൂചിപ്പിക്കുന്ന സാക്ഷ്യപത്രം കര്‍ഷകര്‍ അപേക്ഷിക്കുന്ന മുറയ്ക്ക് കൃഷി ഓഫിസര്‍ നല്‍കേണ്ടതാണ്. ഈ സാക്ഷ്യപത്രത്തിന് ഒരുവര്‍ഷം കാലാവധി ഉണ്ടായിരിക്കും. പച്ചത്തേങ്ങ വിപണനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ കര്‍ഷകര്‍ ഈ സാക്ഷ്യപത്രം നല്‍കണം.
പേര് രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് പ്രതിവര്‍ഷം തെങ്ങ് ഒന്നിന് പരമാവധി 50 നാളികേരം മാത്രമേ സംഭരിക്കാന്‍ പാടുളളൂ.
രജിസ്റ്റര്‍ ചെയ്ത കര്‍ഷകന്റെ പേരും വിശദവിവരവും അടങ്ങുന്ന രജിസ്റ്റര്‍ കൃഷിഭവനിലും സംഭരണം നടത്തുന്ന സ്ഥാപനവും സൂക്ഷിക്കണം. പദ്ധതി കുറ്റമറ്റതാക്കി നടത്തുന്നതിന് സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധനാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."