രക്ഷിതാക്കളുടെ അനുമതിയോടെ മാത്രം കുട്ടികള്‍ സ്കൂളില്‍
തിരുവനന്തപുരം: കുട്ടികളെ സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് രക്ഷിതാക്കളുടെ പൂര്‍ണ അനുമതി തേടാന്‍ വിദ്യാഭ്യാസ വകുപ്പ്.
10, 12 ക്ലാസുകളിലെ കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് ജനുവരി മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നതിന് നിര്‍ദേശിക്കുന്നതിന് മുന്‍പ് രക്ഷിതാക്കളുടെ അഭിപ്രായം ആരായാനും ഇന്നലെ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര പരിശോധനാ സമിതി യോഗത്തില്‍ (ക്യു.ഐ.പി) തീരുമാനമായി.
കുട്ടികള്‍ക്ക് പ്രയാസമുളവാക്കുന്ന വിധമുള്ള പരീക്ഷ ഒഴിവാക്കുന്നതിന് എസ്.സി.ഇ.ആര്.ടിയോട് യോഗം നിര്‍ദ്ദേശിച്ചു. പരീക്ഷ പരമാവധി വിദ്യാര്‍ഥി സൗഹൃദപരമാക്കുന്നതിന് ആവശ്യമായവിധം ചോദ്യങ്ങള്‍ നിര്‍മിക്കുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കുട്ടികള്‍ സ്കൂളിലെത്തുമ്പോള്‍ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കും. അധ്യാപകര്‍ 50 ശതമാനം പേര് ഹാജരാകുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശം സ്കൂളുകള്‍ക്ക് രൂപീകരിക്കാവുന്നതാണ്.
10, 12 ക്ലാസുകളിലെ അധ്യാപകര്‍ അല്ലാതെ താഴെ തലത്തിലെ അധ്യാപകര്‍ സ്കൂളില്‍ എത്തിച്ചേരുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ കുട്ടികളുടെ പഠന പ്രവര്‍ത്തനത്തിന് സന്നദ്ധമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അധ്യാപകര്‍ക്ക് സ്വമേധയാ സ്കൂളിലെത്താന്‍ തടസമില്ല. സി.എഫ്.എല്‍.ടി.സികളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ 31നകം ഒഴിവാക്കി വിദ്യാലയങ്ങള്‍ അണുവിമുക്തമാക്കും.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്, ഡി.ജി.ഇ ജീവന് ബാബു, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ജെ. പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ എ. സലാഹുദീന്‍, തമിമുദീന്‍, എന്‍. ശ്രീകുമാര്‍, കെ.സി ഹരികൃഷ്ണള്, അബ്ദുള്ള വാവൂര്, ദിനേശന്, ബിജു, ടി അനൂപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."