വേലൂക്കര കോളനിയിലെ നാല് കുടുംബങ്ങള്‍ക്ക് മഴപ്പേടി മാറി
മാനന്തവാടി: ചുരം കയറിയെത്തിയ കുട്ടികളുടെ കാരുണ്യത്തില്‍ വെള്ളമുണ്ട വേലൂര്ക്കരക്കുന്ന കോളനിയിലെ നാല് കുടുംബങ്ങള്‍ക്ക് ഇനി മഴയെ പേടിക്കാതെ വീട്ടില്‍ താമസിക്കാം. നാദാപുരം ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.സി.സി വിഭാഗം വിദ്യാര്‍ഥികളാണ് കോളനിയില്‍ ചോര്‍ന്നൊലിച്ചിരുന്ന വീടുകള്‍ക്ക് മേല്‍ക്കൂരയൊരുക്കി നല്‍കിയത്.
വെള്ളമുണ്ട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട കെല്ലൂര്‍ വേലൂക്കര പണിയ കോളനിയില്‍ ചാറല്‍ മഴക്ക് പോലും ചോര്‍ന്നൊലിക്കുന്ന നിരവധി ആദിവാസി വീടുകളാണുള്ളത്. ഇതില്‍ ചോര്‍ച്ച രൂക്ഷമായ നാല് വീടുകള്‍ക്കാണ് കുട്ടികളുടെ കാരുണ്യഹസ്തത്താല് മേല്‍ക്കൂര പണിതുനല്‍കിയത്. സ്കൂളിലെ എന്‍.സി.സി യൂനിറ്റിലെ നൂറ് കുട്ടികള്‍ ആയിരം രൂപാ വീതം സമാഹരിച്ചും തലശ്ശേരി എന്‍.സി.സി നല്കിയ തുകയും ചേര്‍ത്ത് ഒരു ലക്ഷത്തിലധികം രൂപാ ചിലവഴിച്ചാണ് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകളുള്ള വീടുകള്‍ക്ക് അലൂമിനിയം ഷീറ്റുകള്‍ വിരിച്ച് ചോര്‍ച്ച നിര്‍ത്തിയത്. ഇതിന് പുറമെ കോളനിയിലെ ചില വീടുകള്‍ക്ക് വാതിലുകളും ഇവര്‍ നിര്‍മിച്ചു നല്കി. സ്കൂള്‍ പി.ടി.എയുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെയാണ് ദുരിതമേഖലയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത്. ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികളോടൊപ്പം കേളനിയിലെത്തിയ ഇവരുടെ സംഘം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു നല്‍കിയാണ് മടങ്ങിയത്. സ്കൂള്‍ എന്‍.സി.സി മേധാവി സുരേഷ്, ഹെഡ്മിസ്ട്രസ് സിന്ധു, പി.ടി.എ പ്രസിഡന്റ് മോഹനന്, അധ്യാപകരായ ഫിര്‍ദൗസ്, രാജീവന്, സജീവന്, ജസിന്രാജ്, പവിത്രന് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."