ഗാന്ധിജയന്തി വാരാഘോഷം: പ്രളയാനന്തര സര്‍വേക്ക് തുടക്കമായി
കല്‍പ്പറ്റ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് സാക്ഷരതാ മിഷന് പ്രളയാനന്തര സര്‍വേയോടെ തുടക്കമായി. പ്രളയാനന്തര കേരളം എന്തു ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന സര്‍വേ രാവിലെ പതിനൊന്നിന് പൊഴുതന പഞ്ചായത്തില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകളിലും ജില്ലയില്‍ 7,500 വീടുകളിലുമാണ് സര്‍വേ നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കളായ 1,500 പേരാണ് വീടുകളിലെത്തി സര്‍വേ നടത്തുന്നത്. പ്രളയദുരന്തത്തെ കുറിച്ച് സമൂഹത്തിനുള്ള അവബോധം, നവകേരള നിര്‍മിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയാണ് പഠനവിധേയമാക്കുന്നത്. പ്രളയ ദുരന്തത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞത് എങ്ങനെ, പ്രളയാനന്തരം പടര്‍ന്നു പിടിക്കാവുന്ന രോഗങ്ങള്‍ എന്തൊക്കെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയായി, കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അറിവുണ്ടോ, ദുരിതാശ്വാസ പ്രതിരോധത്തെക്കുറിച്ച് അറിവുണ്ടോ, ദുരന്തമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് അറിവുണ്ടോ, ദുരന്തത്തെ പ്രതിരോധിക്കാന്‍ ആര്‍ക്കാണ് ഉത്തരവാദിത്തം, ദുരന്ത പ്രതിരോധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ തുടങ്ങിയ 15 ചോദ്യങ്ങളുടെ പ്രതികരണമാണ് സര്‍വേയിലൂടെ പ്രളയബാധിതരില്‍ നിന്നും ആരായുന്നത്.
ഒക്ടോബര്‍ ഏഴിന് പഠന കേന്ദ്രങ്ങളില്‍ സര്‍വേ റിപോര്‍ട്ട് പ്രകാശനം ചെയ്യും. തുടര്‍ന്ന് ഒക്ടോബര്‍ 13ന് ലോക ദുരന്തനിവാരണ ദിനത്തില്‍ സംസ്ഥാന തലത്തില്‍ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.പ്രളയാനന്തര സര്‍വേ പടിഞ്ഞാറത്ത പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും കല്‍പ്പറ്റയില്‍ ജില്ലാ കലക്ടര്‍ എ.ആര് അജയകുമാറും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളില്‍ നടന്ന സര്‍വേ അധ്യക്ഷന്മാര് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."