ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അനുമതി അന്വേഷണം നടത്തിയാല്‍ തെളിവുനല്‍കാമെന്ന് രമേശ് ചെന്നിത്തല
ചാവക്കാട്: ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അനുമതി നല്‍കിയതില്‍ അന്വേഷണം നടത്തിയാല്‍ തെളിവു നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി തിരുവത്രയില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ. നവാസിന്റെ വസതിയില്‍ സംഘടിപ്പിച്ച ജില്ലാതല ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബ്രൂവറി, ഡിസ്റ്റിലറി അഴിമതി, കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ റഫേല്‍ അഴിമതിയുടെ ചെറുപതിപ്പാണ്. പത്രപരസ്യം ചെയ്യാതെയും അസംബ്ലിയില്‍ പറയാതെയും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ മദ്യനയത്തിലോ പോലും പറയാതെയാണ് ബ്രൂവറിക്കും ഡിസ്റ്റിലറിക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കോടികളുടെ അഴിമതിക്കാണ് സര്‍ക്കാര്‍ ഇതുവഴി കളമൊരുക്കിയിരിക്കുന്നത്. പ്രളയത്തില്‍ കേരളം മുങ്ങുമ്പോള്‍ ആരെയും അറിയിക്കാതെ മദ്യമുതലാളിമാരെ വിളിച്ചുവരുത്തി വെള്ളകടലാസില്‍ അപേക്ഷ വാങ്ങി ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആരോപണം ഉയര്‍ന്നപ്പോള്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം.
സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. താന്‍ രേഖകള്‍ ഉയര്‍ത്തി അഴിമതി ആരോപണം ഉന്നയിച്ചപ്പോഴാണ് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന ന്യായം സര്‍ക്കാര്‍ നിരത്തിയത്.
മുത്വലാഖ് വിഷയത്തിലും ശബരിമല വിധിയിലും ആര്‍.എസ്.എസിന്റെ ഇരട്ടത്താപ്പ് വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നഗരസഭ 122ഫാം ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എ മര്‍സൂക്ക് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."