ശിവശങ്കറിനെതിരേ ഇ.ഡി 24ന് കുറ്റപത്രം സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍
കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം .ശിവശങ്കറിനെതിരെയുള്ള അനുബന്ധ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ഈ മാസം 24 ന് സമര്‍പ്പിക്കും.
ശിവശങ്കര്‍ അറസ്റ്റിലായിട്ട് 28ന് 60 ദിവസം പൂര്‍ത്തിയാകുന്നതു കണക്കിലെടുത്ത് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനാണ് ഇ.ഡിയുടെ നീക്കം. ഒക്ടോബര്‍ 28നാണ് നിരവധി തവണകളായി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്കു പിന്നാലെ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സ്വപ്ന പണവുമായി കടന്നു കളയും എന്ന ആശങ്കയെ തുടര്‍ന്നാണ് ബാങ്ക് ഇടപാടില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റിനെ ശിവശങ്കര്‍ ഉള്‍പ്പെടുത്തിയത്. യഥാര്‍ഥത്തില്‍ പണം ഒളിപ്പിച്ചുവയ്ക്കാന്‍ ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിക്കുകയായിരുന്നുവെന്നും ഇ.ഡി കരുതുന്നു.
സ്വര്‍ണക്കള്ളക്കടത്തു കേസിലെ മറ്റു പ്രതികളായ സരിത്തിനെയും സ്വപ്നയേയും അവസാനവട്ട ചോദ്യം ചെയ്യലില്‍ ലഭിച്ച പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുന്ന കുറ്റപത്രമാകും എന്‍ഫോഴ്‌സ്‌മെന്റ് ഡറയക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. ഈ മാസം 22 വരെ ശിവശങ്കറിനെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
അതിനിടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനിര്‍മാണ പദ്ധതി ഏറ്റെടുത്ത യൂനിടാക് കമ്പനിക്ക് ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ടും പുതിയ തെളിവുകള്‍ ലഭിച്ചതായി അറിയുന്നു.
ഹൈദരാബാദില്‍ യു.എ.ഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ ഫോണ്‍ ഉപകരാറും യൂനിടാകിന് ശിവശങ്കര്‍ വാഗ്ദാനം ചെയ്തതിനുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ കുറ്റപത്രത്തില്‍ ഇ.ഡി ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."