പിണറായിക്ക് വിമര്‍ശനം മുസ്ലിം ലീഗിന് മറുപടിയുമായി മന്ത്രി ജലീല്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുസ്ലിം ലീഗിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണോ സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ആശയക്കുഴപ്പത്തിലാണെന്നും സംശയം മാറാന്‍ ലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ പേരില്‍ നിന്ന് 'മുസ്ലിം' ഒഴിവാക്കുക മാത്രമാണ് പോംവഴിയെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇല്ലെങ്കില്‍ സംശയരോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലിം ലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് തോന്നുന്നതാണ്.
നെഹ്റു മുസ്ലിം ലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നെഹ്റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സി.എച്ചോ പറഞ്ഞതായി കേട്ടിട്ടില്ല. രാഷ്ട്രീയ മറുപടിയാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന് നല്‍കിയത്. ന്യൂജെനില്പെട്ട വിദ്യാര്‍ഥി നേതാക്കളെ ഇറക്കി പിണറായി വിജയനെ താനെന്നൊക്കെ വിളിപ്പിക്കുന്നവര് അതിന് പ്രതികരണമെന്നോണം അത്തരം വിളികള്‍ ലീഗിന്റെ ആത്മീയ നേതൃത്വത്തിനെതിരായി ഉയര്ത്തപ്പെടുമ്പോള് ധാര്‍മികരോഷം കൊള്ളരുത്. ലീഗിനും ലീഗിന്റെ പുതുതലമുറയ്ക്കും അയ്മൂന്ന് പതിനഞ്ചും ഇടതുപക്ഷക്കാര്‍ക്ക് അയ്മൂന്ന് പതിമൂന്നുമല്ലെന്നും ഓര്‍മവേണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."